വോട്ടെടുപ്പ് ദിവസം തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരനു വേണ്ടി പത്മനാഭസ്വാമി ക്ഷേത്രത്തിൽ അന്നദാന വഴിപാട്

single-img
26 April 2019

വോട്ടെടുപ്പ് ദിവസം തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരന് വേണ്ടി പത്മനാഭസ്വാമി ക്ഷേത്രത്തിൽ അന്നദാന വഴിപാട്. അദ്ദേഹത്തിന്റെ ഭാര്യ ഹേമലതയാണ് ചൊവ്വാഴ്ച അന്നദാനം വഴിപാട് നടത്തിയത്. അന്നദാനം സംഭാവന ചെയ്ത സി ദിവാകരന്റെ പേര് ക്ഷേത്രനോട്ടീസ് ബോർഡിൽ പതിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പു ദിവസം പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ തേങ്ങയടിച്ചശേഷമാണ് കുടുംബാംഗങ്ങൾ പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. സി ദിവാകരൻ, മകയിരം നക്ഷത്രം എന്നപേരിലായിരുന്നു അന്നദാനം ബുക്കിങ് ചെയ്തത്. സി ദിവാകരന്റെ പേരിൽ ഇരുപതിനായിരം രൂപ അടച്ചാണ് അന്നദാനം നടന്നത്.

ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടന്നത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ശബരിമല സ്ത്രീപ്രവേശം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രചാരണായുധമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ മണ്ഡലത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ പൊങ്കാല ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സി ദിവാകരൻ പങ്കെടുത്തിരുന്നു.