പട്ടികയിൽ പേരില്ലാതെ നടൻ ശിവകാർത്തികേയൻ വോട്ടുചെയ്തു; പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

single-img
24 April 2019

ലോക് സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാതിരുന്നിട്ടും നടന്‍ ശിവകാര്‍ത്തികേയൻ വോട്ടുചെയ്തു. ശിവകാർത്തികേയൻ അബോട്ട് ചെയ്യാൻ അനുമതി നൽകിയ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സത്യഭ്രത സാഹോ രംഗത്തെത്തി.

വോട്ടര്‍ പട്ടികയില്‍ നടന്റെ പേരില്ലെന്നത് വ്യക്തമായറിഞ്ഞിട്ടും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയെന്ന കാരണത്താലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 18ന് ചെന്നൈയിലെ വല്‍സരവാക്കത്തെ സ്‌കൂളിലെ പോളിങ് ബൂത്തില്‍ ഭാര്യ ആര്‍തിക്കൊപ്പം ശിവകാര്‍ത്തികേയന്‍ വോട്ട് ചെയ്യാനെത്തിയിരുന്നു. അതിനു ശേഷം വോട്ട് അടയാളപ്പെടുത്തിയ കൈവിരല്‍ ഉയര്‍ത്തിപ്പിടിച്ച് എടുത്ത ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഭാര്യ ആര്‍തിയുടെ പേര് പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ നടന്റെ പേര് ഉണ്ടായിരുന്നില്ല. വോട്ട് ചെയ്യാനാകില്ലെന്നു പറഞ്ഞപ്പോള്‍ പ്രത്യേക അനുമതി ലഭിച്ചിരുന്നുവെന്ന് പറഞ്ഞാണ് നടന്‍ വോട്ട് ചെയ്തത്.

വോട്ട് ചെയ്യുക എന്നത് നിങ്ങളുടെ അവകാശമാണെന്നും ആ അവകാശത്തിനു വേണ്ടി പോരാടണമെന്നുമായിരുന്നു ട്വീറ്റ് ചെയ്തത്. വോട്ടർപട്ടികയിൽ പേര് ഇല്ലാതിരുന്നിട്ടും വോട്ട് ചെയ്ത് ശിവകാർത്തികേയനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയിലടക്കം ഉയര്‍ന്നു വന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മറ്റു നടന്‍മാരായ രമേഷ് ഖന്ന, റോബോ ശങ്കര്‍ തുടങ്ങിയ നിരവധി പേര്‍ക്ക് വോട്ടവകാശം നിഷേധിച്ചിട്ട് ശിവകാര്‍ത്തികേയന് അനുമതി നല്‍കിയതിനെതിരെയായിരുന്നു വിമര്‍ശനങ്ങളുയര്‍ന്നത്.