ശ്രീലങ്കയില്‍ നിരപരാധികളെ കൊന്നൊടുക്കാൻ ചാവേറുകളായി പൊട്ടിത്തെറിച്ച രണ്ടുപേർ രാജ്യത്തെ കോടീശ്വരൻ്റെ മക്കൾ

single-img
24 April 2019

ശ്രീലങ്കയില്‍ നിരപരാധികളെ കൊന്നൊടുക്കാൻ ചാവേറുകളായി പൊട്ടിത്തെറിച്ച രണ്ടുപേർ  രാജ്യത്തെ കോടീശ്വരൻ്റെ മക്കളാണെന്നു റിപ്പോർട്ടുകൾ. ചാവേറുകളായി പൊട്ടിത്തെറിച്ച ഏഴ് ഭീകരരില്‍ രണ്ടു പേര്‍ ശ്രീലങ്കയിലെ പ്രമുഖ വ്യാപാരി മുഹമ്മദ് യൂസഫ് ഇബ്രാഹിമിന്റെ മക്കളായ ഇസ്മത്ത് അഹ്മദ് ഇബ്രാഹീം(33), ഇല്‍ഹം അഹമ്മദ് ഇബ്രാഹീം (31) എന്നിവരാണെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ഫസ്റ്റ്‌പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊളംബൊയിലെ സിന്നാമണ്‍ ഗ്രാന്‍ഡ്, ഷാന്‍ഗ്രില ഹോട്ടലുകളിലാണ് ഇരുവരും പൊട്ടിത്തെറിച്ചത്. ഹോട്ടലുകളിലെ ഭക്ഷണശാലയില്‍ സ്‌ഫോടക വസ്തുക്കളുമായി കയറി ഇവര്‍ സ്‌ഫോടനം നടത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യൂസഫ് ഇബ്രാഹീമിനെയും 30 വയസുള്ള മകന്‍ ഇജാസ് അഹ്മദ് ഇബ്രാഹീമിനെയും കൊളംബോ പൊലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മക്കളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.