എല്ലാ ബസുകളുടെയും രേഖകൾ ഹാജരാക്കണം: സുരേഷ് കല്ലടയ്ക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ

single-img
24 April 2019

യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കല്ലടയുടെ ഉടമസ്ഥതയിലുള്ള മുഴുവൻ ബസുകളുടെയും രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി. പെർമിറ്റില്ലാതെ ബസുകൾ സർവീസ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. 

പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു പരിശോധന നടത്താൻ മോട്ടോര്‍ വാഹനവകുപ്പിനു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. അന്തർ സംസ്ഥാന റൂട്ടുകളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ തുടങ്ങാനും തീരുമാനിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന മിന്നൽ പരിശോധനാ സ്ക്വാഡുകളെ എല്ലാ ആർടി ഓഫീസിലും നിയമിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാൻ സംസ്ഥാനത്തെ എല്ലാ ആർടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിക്കും.

‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്’ എന്ന പേരിലായിരിക്കും സ്ക്വാഡിന്റെ പ്രവര്‍ത്തനം. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും അവയുടെ ഓഫിസുകളിലും അപ്രതീക്ഷിത പരിശോധനകള്‍ നടത്തണമെന്നു നിര്‍ദേശം നൽകിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

ഈ സ്ക്വാഡിനെ അതത് മോട്ടോർ വാഹന ഇൻസ്പെക്ടർമാരാണ് നയിക്കുക. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം മിന്നൽ പരിശോധനകൾ നടത്താനാണ് നിർദ്ദേശം. ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസൻസ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടേയേയും പ്രവർത്തനം അവസാനിപ്പിക്കും.

യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി മോട്ടോർ വാഹന വകുപ്പ് പുതിയ ഹെൽപ്പ് ലൈൻ സ്ഥാപിച്ചു. 8281786096 എന്നാണ് നമ്പർ. അന്തർസംസ്ഥാന റൂട്ടുകളിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. അന്തർ സംസ്ഥാന സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ ലഗേജുകള്‍ അല്ലാതെ മറ്റു ചരക്കുകള്‍ കടത്തുന്നുണ്ടോയെന്നും സംശയമുണ്ട്. നിയമ ലംഘനം കണ്ടെത്തിയാൽ കർശന നടപടിയെടുക്കും.