സൗദിയില്‍ രണ്ട് പ്രവാസി ഇന്ത്യക്കാരുടെ തലവെട്ടിയ സംഭവം; ഇന്ത്യന്‍ എംബസിയേയും ബന്ധുക്കളെയും അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയതിനെ ചൊല്ലി വിവാദം

single-img
18 April 2019

സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി. കഴിഞ്ഞ ഫെബ്രുവരി 28നു നടന്ന സംഭവം ഈ മാസമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഹോഷിയാര്‍പുര്‍ സ്വദേശി സത്വീന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജിത് സിംഗ് എന്നിവരെയാണ് വധിച്ചതെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവരുടെ വധശിക്ഷ എന്നാണ് നടപ്പാക്കിയത് എന്നതു സംബന്ധിച്ചു മന്ത്രാലയത്തിന്റെ പക്കല്‍ സ്ഥിരീകരണമില്ല.

രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തതും ഇത് തടയാന്‍ കഴിയാത്തതും വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. കൂടൂതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി നിയമപ്രകാരം വധിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കില്ലെന്നും സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കുകയുള്ളുവെന്നും വിദേശകാര്യ മന്ത്രാലയം സത്വീന്ദറിന്റെ വിധവയെ അറിയിച്ചു. സത്വീന്ദറിനെ വധിച്ചെന്നറിയിച്ച് മാര്‍ച്ച് രണ്ടിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നെന്നും എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളുണ്ടായില്ലെന്നും സത്വീന്ദറിന്റെ ഭാര്യ പറഞ്ഞു.

ഇതേതുടര്‍ന്ന് സീമ റാണി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. എന്നിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സീമ പഞ്ചാബ്ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതിയുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം വധശിക്ഷ സ്ഥിരീകരിക്കുന്നത്.

2015 ഡിസംബര്‍ 9നാണ് ഇന്ത്യാക്കാരനായ ഇമാമുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഇരുവരും അറസ്റ്റിലാകുന്നത്. മദ്യപിച്ച് തല്ലുണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് പിടികൂടിയ ഇരുവരെയും നാടുകടത്തുന്നതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ എംബസിയെയോ ബന്ധപ്പെട്ടവരെയോ സൗദി അധികൃതര്‍ അറിയിച്ചിരുന്നില്ല. പിന്നീട് റിയാദിലെ ജയിലിലേക്ക് മാറ്റിയ ഇരുവരും വിചാരണക്കിടെ തങ്ങളുടെ കുറ്റം സമ്മതിക്കുകയായിരുന്നു. 2017ല്‍ മേയ് 31ന് നടന്ന വിചാരണയില്‍ ഇന്ത്യന്‍ എംബസി അധികൃതരും പങ്കെടുത്തു.

ഹൈവേയില്‍ പിടിച്ചുപറി നടത്തിയ സംഭവത്തിലും ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സൗദിയിലെ ശരീഅത്ത് നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരെയും സന്ദര്‍ശിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തിയപ്പോഴാണ് ഇവരെ തലവെട്ടിയെന്ന വിവരം അറിയുന്നത്.

ഫെബ്രുവരി 28ന് ബന്ധുക്കളെയും ഇന്ത്യന്‍ അധികൃതരെയും അറിയിക്കാതെയാണ് വധശിക്ഷ നടപ്പിലാക്കിയത്. മൃതദേഹം വിട്ടുകിട്ടണമെന്ന് ഇന്ത്യന്‍ അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നിയമം അനുവദിക്കാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കാന്‍ ആവില്ലെന്നായിരുന്നു സൗദിയുടെ മറുപടി.