മോദി നിങ്ങള്‍ മനസിലാക്കേണ്ടത് നിങ്ങള്‍ പഴയ ആര്‍എസ്എസ് പ്രചാരകനല്ല, പ്രധാനമന്ത്രിയാണ്; നിങ്ങളുടെ വാക്കുകള്‍ ജനം കേള്‍ക്കുന്നത് പ്രധാനമന്ത്രിയായതുകൊണ്ടാണ്: പിണറായി വിജയന്‍

single-img
17 April 2019

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ ശക്തമായ വിമര്‍ശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല അയ്യപ്പന്റെ പേരുപറഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആ വിവരം എവിടുന്നാണ് കിട്ടിയത്? മോദി നിങ്ങള്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ ഇപ്പോള്‍ പഴയ ആര്‍എസ്എസ് പ്രചാരകനല്ല, പ്രധാനമന്ത്രിയാണ്. വസ്തുത പറയണം.നിങ്ങളുടെ വാക്കുകള്‍ ജനം കേള്‍ക്കുന്നത് പ്രധാമന്ത്രിയായതുകൊണ്ടാണെന്ന് പിണറായി പറഞ്ഞു.

സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാന്‍ നുണ നല്ലതുപോലെ പ്രചരിപ്പിക്കണം. അതൊക്കെ നിങ്ങള്‍ നേരത്തെ ചെയ്തിട്ടുണ്ടാവും. ഇപ്പോള്‍ നിങ്ങള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ ഓര്‍ത്തുവേണം സംസാരിക്കേണ്ടത്. ശബരിമലയില്‍ ഭക്തരെ ആക്രമിച്ച് കലാപഭൂമിയാക്കാനായി ശ്രമം നടത്തിയവരെയാണ് തടഞ്ഞത്. ശബരിമലയില്‍ ഉടയ്ക്കാനുള്ള തേങ്ങകൊണ്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭക്തരെയും പോലീസീനെയും തല്ലിയത്. അവിടെ എന്തും ചെയ്യാമെന്ന ധാരണ വേണ്ട. ഈ നാട്ടില്‍ നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണം. അക്രമം നടത്താനായി ആര് പുറപ്പെട്ടാലും അഴിയെണ്ണേണ്ടിവരുമെന്ന് പിണറായി പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. ഏതാണ് ആ അറ്റം. ശബരിമലയുമായി ബന്ധപ്പെട്ട് യുവതി പ്രവേശനവിധി വന്നതിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞത് വിധി നടപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ്.

സംസ്ഥാനത്ത് നിരോധാനാജ്ഞ പ്രഖ്യാപിക്കണം. കേന്ദ്രസേനയെ അയക്കാമെന്നുമാണ് പറഞ്ഞത്. എന്നാല്‍ കേന്ദ്രസേനയെ അയക്കേണ്ടതില്ലെന്നാണ് കേരളാ സര്‍ക്കാര്‍ പറഞ്ഞത്. രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് സുപ്രീം കോടതി വിധി ബാധകമല്ലെന്ന നിലപാട് സ്വീകരിക്കാന്‍ സാധിക്കുമോ. ആ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു.

എല്ലാ കാലത്തും ജനാധിപത്യം തകര്‍ത്തവര്‍ അതിന്റെ ഭാഗമായി വെള്ളം കുടിച്ചിട്ടുണ്ട്. ബിജെപി ഇപ്പോള്‍ അത് അനുഭവിക്കാന്‍ പോകുകയാണ്. നിങ്ങള്‍ ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ആഗ്രഹിച്ചപ്പോള്‍ സര്‍ക്കാര്‍ അത് അനുവദിച്ചില്ല. നിങ്ങളോട് ഒറ്റക്കാര്യമേ പറയാനുള്ളു. സംസ്ഥാനത്ത് എവിടെയും ജയിച്ചുവരാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്നും പിണറായി പറഞ്ഞു.