കുവൈത്ത് പ്രവാസികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു; ഇഖാമ പുതുക്കുന്നതിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തി

single-img
11 April 2019

സ്വദേശി വത്കരണത്തിന്റെ ഭാഗമായി വിദേശികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. ജലം, വൈദ്യുതി മന്ത്രാലയം 39 പേരെയും വിദ്യാഭ്യാസ മന്ത്രാലയം 176 വിദേശികളെയും പുറത്താക്കി. അതേസമയം 155 സ്വദേശികള്‍ക്ക് ജല, വൈദ്യുതി മന്ത്രാലയം പുതുതായി നിയമനം നല്‍കി

2018 ഫെബ്രുവരി മുതല്‍ 2019 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 172 പേരുടെ സേവനമാണ് ജല, വൈദ്യുത മന്ത്രാലയം അവസാനിപ്പിച്ചത്. ഇതില്‍ 39 ജീവനക്കാര്‍ വിദേശികളാണ്. പുതുതായി 155 സ്വദേശികള്‍ക്കു നിയമനം നല്‍കിയതായും വാര്‍ഷിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ജലവൈദ്യുതി മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു വിദേശിയെ പോലും നിയമിച്ചിട്ടില്ലെന്ന് മന്ത്രാലയം അവകാശപ്പെട്ടു. ജലവൈദ്യുതി വിതരണ മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലാണ് പുതിയ ജീവനക്കാരില്‍ അധികവും നിയമിക്കപ്പെട്ടത്. ഇതിന് സമാനമായി വിദ്യാഭ്യാസ മന്ത്രാലയം 176 വിദേശികളെയാണ് ഒഴിവാക്കിയത്. 135 സോഷ്യല്‍ വര്‍ക്കര്‍മാര്‍, 20 എഞ്ചിനീയര്‍മാര്‍, 7 നിയമവിദഗ്ധര്‍, 6 ഗവേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഒഴിവാക്കിയത്.

അതിനിടെ, കുവൈത്തില്‍ സ്വകാര്യ തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് താമസകാര്യ വകുപ്പ് പുതിയ നിബന്ധന ഏര്‍പ്പെടുത്തി. സ്ഥാപനത്തിന്റെ വാണിജ്യ ലൈസന്‍സിന് ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണമെന്നാണ് പുതിയ നിബന്ധന. ഇത് മൂലം നിരവധി സ്ഥാപനങ്ങളുടെ ഇഖാമ നടപടികള്‍ അവതാളത്തിലായതായാണ് റിപ്പോര്‍ട്ട്.

കമ്പനികളുടെ ലൈസന്‍സ് കാലാവധി ആറുമാസത്തില്‍ കുറവാണെങ്കില്‍ ജീവനക്കാരുടെ ഇഖാമ പുതുക്കിനല്‍കില്ലെന്നാണ് താമസകാര്യ വകുപ്പിന്റെ നിലപാട്. മിക്ക കമ്പനികളുടെയും ലൈസന്‍സ് കാലാവധി ആറു മാസത്തിനുള്ളില്‍ അവസാനിക്കും. ഇഖാമ നടപടികള്‍ക്കായി സമീപിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രതിനിധികളെ താമസകാര്യ ഉദ്യോഗസ്ഥര്‍ തിരിച്ചയക്കുകയാണ്. വാണിജ്യ മന്ത്രാലയത്തെ സമീപിച്ചു ലൈസന്‍സ് കാലാവധി നീട്ടിവാങ്ങാനാണ് താമസകാര്യ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്.

വാണിജ്യ വ്യവസായ മന്ത്രാലയമാണ് സ്ഥാപനങ്ങള്‍ക്കു ലൈസന്‍സ് അനുവദിക്കുന്നത്. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് സാധാരണഗതിയില്‍ വാണിജ്യ ലൈസന്‍സിന് കാലാവധി അനുവദിക്കാറുള്ളത്. ഒരിക്കല്‍ അനുവദിച്ച ലൈസന്‍സ് കാലാവധി പൂര്‍ത്തിയാക്കിയാലോ തൊട്ടു മുന്‍പോ മാത്രമാണ് പുതുക്കി നല്‍കുക. എന്നാല്‍ ഇഖാമ നടപടികള്‍ക്ക് തടസം നേരിട്ട സാഹചര്യത്തില്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സ്ഥാപനങ്ങള്‍ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.