യു.എ.ഇ.യില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ രീതി

single-img
10 April 2019

യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് ലഭിക്കാൻ ആദ്യം ഒാണ്‍ലൈനിൽ അപേക്ഷ നൽകണമെന്ന് ഇന്ത്യൻ കോൺസുലേറ്റ്. തുടർനടപടികൾ പൂർത്തിയാക്കേണ്ടതിന് ഇതിന് ശേഷമായിരിക്കണമെന്നും സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുല്‍ എന്നിവര്‍ പറഞ്ഞു. ദുബായിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓൺലൈൻ അപേക്ഷകൾ ഈ ആഴ്ച്ച തുടക്കം മുതൽ സ്വീകരിച്ചു തുടങ്ങി.

https://embassy.passportindia.gov.in/എന്ന വെബ് സൈറ്റിലൂടെയാണ് ആദ്യം അപേക്ഷ നൽകേണ്ടത്. തുടർന്ന് ഔട്സോഴ്സ് വിഭാഗമായ ബിഎൽഎസ് കേന്ദ്രങ്ങളിൽ അപേക്ഷകൻ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ച് ഒപ്പിട്ട് നൽകണം. കടലാസു ജോലികൾ ഇല്ലാതാക്കുന്നതിനും പാസ്പോർട്ട് അനുവദിക്കുന്ന സമയം കുറയ്ക്കുന്നതിനുമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്.

യു.എസ്, യു.കെ, ഒമാൻ എന്നിവിടങ്ങളിൽ ഈ സംവിധാനം തുടങ്ങിക്കഴിഞ്ഞു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ബി.എൽ.എസ് സെന്ററുകളിൽ നിന്ന് സഹായം തേടാമെന്ന് കോൺസുലേറ്റ് അറിയിച്ചു. നിലവിൽ പാസ്പോർട്ടിന് അപേക്ഷിച്ചാൽ അഞ്ചു ദിവസങ്ങൾക്കുള്ളിലാണ് ലഭിക്കുന്നത്.

ഓൺലൈൻ സംവിധാനം വരുന്നതോടെ പാസ്പോർട്ട് ലഭിക്കാൻ മൂന്ന് ദിവസം മതിയാകും. യു.എ.ഇ.യിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ പാസ്പോർട്ടുകൾ അനുവദിക്കുന്നത്. കഴിഞ്ഞ വർഷം 272,500 ഇന്ത്യൻ പാസ്പോർട്ടുകളാണ് യു.എ.ഇ.യിൽ നിന്ന് ഇഷ്യൂ ചെയ്തിരിക്കുന്നത്.