സൗദിയില്‍ പുതിയതായി വിവാഹിതരാകുന്ന സ്വദേശികൾക്ക് പത്തു കോടി റിയാലിന്റെ സാമ്പത്തിക സഹായം

single-img
4 April 2019

റിയാദ്: സൗദിയിൽ ഇനി നവദമ്പതികൾക്കായി കിരീടാവകാശിയുടെ സാമ്പത്തിക സഹായം. സൗദി 4,200 നവദമ്പതികൾക്കായി പത്തു കോടി റിയാലാണ് വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്.

രാജ്യത്ത് പുതുതായി വിവാഹിതരാകുന്ന സ്വദേശികൾക്കാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പേരിൽ സാമ്പത്തിക സഹായം നൽകുന്നത്. ഭരണകൂടം സനദ് മുഹമ്മദ് ബിൻ സൽമാൻ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിവാഹ സഹായ പദ്ധതിയുടെ ആദ്യ ബാച്ചിനുള്ള സഹായ വിതരണം ആരംഭിച്ചു. ഈ  ബാച്ചിൽ 4200 ലേറെ ആളുകൾക്കായി പത്തു കോടിയോളം റിയാലാണ് വിതരണം ചെയ്യുന്നത്.

തിരിച്ചടക്കേണ്ടാത്ത ഒറ്റത്തവണ സഹായമാണ് പദ്ധതിവഴി നൽകുന്നത്. ഭരണ തലത്തില്‍ വിവിധ വകുപ്പുകളുമായുള്ള പങ്കാളിത്തത്തോടെയും ഏകോപനത്തോടെയുമാണ് ലാഭേശ്ചയില്ലാത്ത സാമൂഹ്യ പദ്ധതികൾ സനദ് മുഹമ്മദ് ബിൻ സൽമാൻ പ്രോഗ്രാം നടപ്പിലാക്കുന്നത്.

ഈ പദ്ധതി വഴി സന്നദ്ധ സംഘടനകൾക്ക് ധനസഹായം, സാമ്പത്തിക ബാധ്യതയുടെ പേരിൽ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർത്ത് ജയിൽ മോചിതരാക്കുക എന്നിവയുള്‍പ്പടെ നടപ്പിലാക്കുന്നുണ്ട്.