ശത്രുരാജ്യങ്ങളുടെ വിവരങ്ങൾ ചേർത്തുന്ന ഇന്ത്യയുടെ `ആകാശക്കണ്ണ്´ എമിസാറ്റ് വിക്ഷേപിച്ചു

single-img
1 April 2019

ഡിആർഡിഒ വികസിപ്പിച്ച ഉപഗ്രഹം എമിസാറ്റ് വിക്ഷേപിച്ചു. 436 കിലോഗ്രാം ഭാരമുള്ള എമിസാറ്റിനെ 749 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുക. അതിർത്തികളിൽ ഉള്ള ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയെടുക്കാനും എമിസാറ്റിന് സാധിക്കും

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുഴുവൻ കാര്യക്ഷമമായ ഇലക്ട്രോണിക് നിരീക്ഷണത്തിന് എമിസാറ്റ് പ്രതിരോധ സേനകളെ സഹായിക്കും. ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരൾ ( SARAL) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആർഡിഒയും ഐഎസ്ആർഒയും ചേർന്നാണ് എമിസാറ്റ് നിർമിച്ചത്.

എട്ടുവർഷത്തെ പരിശ്രമത്തിന്റെ ഫലമാണ് എമിസാറ്റിന്റെ പിറവി. കൗടില്യ എന്ന രഹസ്യ പേരിലാണ് എമിസാറ്റിലെ പേലോഡുകളുടെ നിർമാണം ഡിഫൻസ് എലക്ട്രോണിക് റിസർച്ച് ലാബിൽ നടന്നത്. 2013-14 ലെ പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് എമിസാറ്റിനെ പറ്റി പരാമർശം ഉണ്ടായിരുന്നത്.

ഓരോ 90 മിനിറ്റ് കൂടുമ്പോഴും എമിസാറ്റ് ഒരേസ്ഥലത്ത് വീണ്ടും എത്തും. എമിസാറ്റിന് പുറമെ വിവിധ രാജ്യങ്ങളുടേതുൾപ്പെടെ 28 ചെറു ഉപഗ്രഹങ്ങളും തിങ്കളാഴ്ച വിക്ഷേപിക്കും.