ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: ശരവണഭവൻ ഗ്രൂപ്പ് ഉടമയുടെ ജീവപര്യന്തം ശരിവെച്ച് സുപ്രീം കോടതി

single-img
29 March 2019
ഫോട്ടോ: ഔട്ട്ലുക്ക് (2009)

തന്റെ ഹോട്ടലിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ശരവണഭവൻ ഗ്രൂപ്പ് ഉടമ പി രാജഗോപാലിന്റെ ജീവപര്യന്തം സുപ്രീം കോടതി ശരിവെച്ചു. രാജഗോപാലിനോട് ഉടൻ കീഴടങ്ങാനും കോടതി നിർദ്ദേശിച്ചു.

ഇന്ത്യയിലും വിദേശത്തുമായി 80-ലധികം ഹോട്ടലുകൾ ഉള്ള ഹോട്ടൽ ശൃംഖലയായ ശരവണ ഭവൻ ഗ്രൂപ്പിന്റെ സ്ഥാപകനാണ് 72 വയസുകാരനായ രാജഗോപാൽ. തന്റെ ഹോട്ടലിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ ശേഷം ജാമ്യത്തിൽ ആയിരുന്നു രാജഗോപാൽ.

2001-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാർ എന്നയാളെയാണ് രാജഗോപാലിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊടൈക്കനാലിലെ വനത്തിനുള്ളിൽ നിന്നായിരുന്നു ശാന്തകുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. ശാന്തകുമാറിന്റെ ഭാര്യയെ സ്വന്തമാക്കാൻ വേണ്ടിയാണ് രാജഗോപാൽ അയാളെ കൊലപ്പെടുത്തിയത്. എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.

തന്റെ ഹോട്ടലിൽ അസിസ്റ്റന്റ് മാനേജരായിരുന്നയാളിന്റെ മകളായ ജീവജ്യോതിയെ തന്റെ മൂന്നാമത്തെ ഭാര്യയാക്കാൻ രാജഗോപാൽ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിനു വിസമ്മതിച്ച ജീവജ്യോതി ശാന്തകുമാറിനെ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷവും രാജഗോപാൽ ഇവരെ ഭീഷണിപ്പെടുത്തുന്നതും പിന്തുടരുന്നതും തുടർന്നതോടെ ദമ്പതികൾ പൊലീസിൽ പരാതി നൽകി. പരാതി നൽകി ആഴ്ചകൾക്കുള്ളിലാണ് ശാന്തകുമാറിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്.

രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും ശിക്ഷ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ എല്ലാം കുറ്റത്തില്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. നേരത്തെ സെഷന്‍സ് കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിനും മറ്റുള്ളവര്‍ക്കും വിധിച്ചതെങ്കില്‍ 2009-ൽ മദ്രാസ് ഹൈക്കോടതി അത് ജീവപര്യന്തം തടവായി വിധിക്കുകയായിരുന്നു. എന്നാൽ പിന്നീട് രാജഗോപാൽ നൽകിയ അപ്പീലിന്മേൽ ആരോഗ്യനില കണക്കിലെടുത്ത് സുപ്രീം കോടതി ഇയാൾക്ക് ജാമ്യം നല്‍കുകയായിരുന്നു.