കുവൈത്തില്‍ എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ നീക്കം

single-img
27 March 2019

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ നീക്കം. ആഭ്യന്തര മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഷാഹിദ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയാല്‍ സ്‌പോണ്‍സറുടെയോ പ്രതിനിധിയുടെയോ രേഖാ മൂലമുള്ള അനുമതി കൂടാതെ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് കുവൈത്ത് വിടാനാവില്ല.

സ്‌പോണ്‍റുടെ താമസ പരിധിയിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ സ്‌പോണ്‍സറോ പ്രതിനിധിയോ നേരിട്ട് ഹാജരായി വേണം അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍. കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ജോലിക്കാര്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം സഹായകമാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെകണക്കു കൂട്ടല്‍.

അതേസമയം നിലവില്‍ ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഇരട്ടിയാക്കുന്നതാകും പുതിയ സംവിധാനമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. അടിയന്തരമായി നാട്ടില്‍ പോവേണ്ട സന്ദര്‍ഭങ്ങളിലും മറ്റും നിര്‍ദിഷ്ട നിയമം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.