ചുട്ടുപൊള്ളുന്ന കേരളം: ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തിരയോഗം വിളിച്ചു

single-img
27 March 2019

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തിൽ വര്‍ധിച്ചുവരുന്ന കടുത്ത ചൂടും വരള്‍ച്ചയും ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

സൂര്യാഘാതത്താൽ മരണം സംഭവിച്ചവര്‍ക്കുള്ള അടിയന്തര സാമ്പത്തിക സഹായം സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചചെയ്യും. ഇതിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.


സമീപ ദിവസങ്ങളിലായി നാലുപേരാണ് സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസത്തിൽ മാത്രം അമ്പതോളംപേര്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു. ഒപ്പംതന്നെ കുടിവെള്ളക്ഷാമവും രൂക്ഷമായി.

വരും നാളുകളിലും താപനില വര്‍ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതമേൽക്കാൻ സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ജാഗ്രതമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.