40 കോടി നല്‍കാതെ പറ്റിച്ചു; ധോണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

single-img
27 March 2019

ബ്രാന്‍ഡ് അംബാസഡറായതിന് വാഗ്ദാനം ചെയ്തിരുന്ന 40 കോടിയോളം രൂപ നല്‍കാതെ കുടിശിക വരുത്തിയതിന് പ്രമുഖ കെട്ടിടനിര്‍മ്മാണ സ്ഥാപനമായ അമ്രപാലി ഗ്രൂപ്പിനെതിരെ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കരാറില്‍ പറഞ്ഞ പ്രകാരമുള്ള പ്രതിഫലതുകയും പലിശയുമടക്കം നാല്‍പത് കോടിയോളം രൂപ ലഭിക്കാന്‍ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കമ്പനിയുമായുള്ള കരാര്‍പ്രകാരം ആറുവര്‍ഷത്തെ പ്രതിഫലതുകയായ 22.53 കോടി രൂപയും ഇതിന്റെ പലിശയായ 16.42 കോടി രൂപയും അമ്രപാലി ഗ്രൂപ്പ് നല്‍കിയിട്ടില്ലെന്നാണ് ധോണിയുടെ പരാതി. 2009ലാണ് മഹേന്ദ്രസിങ് ധോണി അമ്രപാലി ഗ്രൂപ്പുമായി കരാറൊപ്പിട്ടത്.

കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി ധോണിയെ നിയമിച്ചതിന് പുറമേ ധോണിയുടെ പേരും പ്രശസ്തിയും കമ്പനിയുടെ ബ്രാന്‍ഡിങിനും മാര്‍ക്കറ്റിങിനും ഉപയോഗിക്കാമെന്നായിരുന്നു കരാര്‍. ഇതുപ്രകാരം 2016ല്‍ അമ്രപാലി ഗ്രൂപ്പിനെതിരെ പരാതികളുണ്ടാകുന്നതുവരെ ധോണി കമ്പനിയുമായി സഹകരിച്ചിരുന്നു.

ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് 46000 ഇടപാടുകാരെ കബളിപ്പിച്ചെന്നായിരുന്നു അമ്രപാലി ഗ്രൂപ്പിനെതിരായ പരാതി. കമ്പനിക്കെതിരെ പരാതികള്‍ വ്യാപകമായതോടെ ബ്രാന്‍ഡ് അംബാസിഡറായ ധോണിക്കെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെയാണ് ക്രിക്കറ്റ് താരം അമ്രപാലി ഗ്രൂപ്പുമായുള്ള സഹകരണം അവസാനിപ്പിച്ചത്.