നാണക്കേടിന്റെ വിക്കറ്റ് നേടി അശ്വിന്‍; വിവാദം

single-img
26 March 2019

ഐപിഎല്ലിലെ വിവാദ വിക്കറ്റിന്റെ പേരില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍. അശ്വിനെതിരേ രൂക്ഷ വിമര്‍ശനം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലറെ പുറത്താക്കാന്‍ അശ്വിന്‍ കുപ്രസിദ്ധമായ ‘മങ്കാദിംഗ്’ രീതി അവലംബിച്ചതാണ് വിമര്‍ശങ്ങള്‍ക്കു കാരണം. അശ്വിന്‍ ക്രിക്കറ്റിന്റെ ശരിയായ സ്പിരിറ്റ് നഷ്ടപ്പെടുത്തിയെന്ന് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ള വിമര്‍ശകര്‍ പറയുന്നു.

ബൗളര്‍ ആക്ഷന്‍ ചെയ്ത് തുടങ്ങുമ്പോള്‍ നോണ്‍സ്‌ട്രൈക്കിലെ ബാറ്റ്‌സ്മാന്‍ ഓടാന്‍ തുടങ്ങിയാല്‍ ഔട്ടാക്കാനുള്ള നിയമമുണ്ട്. അത്തരത്തിലാണ് അശ്വിന്‍ ബട്‌ലറെ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിലെ ചതിപ്രയോഗമാണിത്. അതുകൊണ്ട് ഇത്തരമൊരു രീതിയില്‍ ബാറ്റ്‌സ്മാനെ പുറക്കാന്‍ ആരും മുതിരാറില്ല. അതുക്കൊണ്ട് തന്നെ അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്ന അഭിപ്രായം വന്നുകഴിഞ്ഞു.

പഞ്ചാബ് ഉയര്‍ത്തിയ 185 വിജയലക്ഷ്യത്തിലേക്കു റോയല്‍സ് ബാറ്റുചെയ്യവെ, ഇന്നിംഗ്‌സിന്റെങ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു വിവാദ സംഭവം. അശ്വിന്‍ പന്ത് എറിയുന്നതിനു മുമ്പു നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന ബട്‌ലര്‍ ക്രീസ് വിട്ടു പുറത്തിറങ്ങി. ഇതുകണ്ട അശ്വിന്‍ ബട്‌ലറെ റണ്ണൗട്ടാക്കുകയായിരുന്നു.

43 പന്തില്‍ 69 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റു ചെയ്യവെയാണ് അശ്വിന്‍ ബട്‌ലറോട് ഈ ചതിപ്രയോഗം നടത്തിയത്. അശ്വിന്‍ അപ്പീല്‍ ചെയ്തതോടെ ഫീല്‍ഡ് അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്കു വിട്ടു. റീപ്ലേകളില്‍ ബട്‌ലര്‍ ക്രീസിനു പുറത്തായിരുന്നെന്നു വ്യക്തമായി. മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചു. പുറത്താക്കിയ രീതിയില്‍ അവിശ്വസനീയത പ്രകടിപ്പിച്ച ബട്‌ലര്‍ അശ്വിനോടു തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ബാറ്റു നിലത്തടിച്ചു നിരാശയോടെയാണു ബട്‌ലര്‍ മടങ്ങിയത്.

ആദ്യമായിട്ടല്ല അശ്വിന്‍ ഇത്തരത്തില്‍ ചെയ്യുന്നത്. മുന്‍പ് ശ്രീലങ്കന്‍ താരം ലാഹിരു തിരിമാനയേയും ഇത്തരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് ക്യാപ്റ്റനായിരുന്ന വിരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.