ഒമാനില്‍ തൊഴില്‍ വിസയും ഇനി ഓണ്‍ലൈന്‍ വഴി

single-img
25 March 2019

സന്ദര്‍ശക വിസകള്‍ക്ക് പിന്നാലെ ഒമാനില്‍ തൊഴില്‍ വിസകളും ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഇതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ തന്നെ ഓണ്‍ലൈന്‍ വിസകള്‍ നല്‍കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

നിലവില്‍ വിസിറ്റ് വിസയും സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത വിസയും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും. ബാക്കി വിസകളും ഈ വര്‍ഷം അവസാനത്തോടെ ഓണ്‍ലൈനാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇവിസ പ്രൊജക്ട് മാനേജര്‍ അബ്ദുല്ല അല്‍ കല്‍ബാനി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓഫീസുകള്‍ വഴി 36 വിവിധ തരം വിസകളാണ് ഒമാന്‍ നല്‍കുന്നത്. സ്‌പോണ്‍സര്‍ ആവശ്യമുളള ടൂറിസ്റ്റ് വിസ, സ്‌പോണ്‍സര്‍ ആവശ്യമില്ലാത്ത ടൂറിസ്റ്റ് വിസ, ജി.സി.സിയിലെ താമസക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസ, എക്പ്രസ് വിസ എന്നിവയാണ് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ കഴിയുന്നത്.

ഇ വിസ സമ്പ്രദായം ആരംഭിച്ചത് മുതല്‍ ഇതുവരെ ഒരു ലക്ഷത്തിലധികം വിസകള്‍ നല്‍കിയിട്ടുണ്ട്. ജോലി വിസക്കൊപ്പം നിക്ഷേപക വിസ, വിദ്യാര്‍ഥി വിസ, കുടുംബ വിസ, താല്‍കാലിക ജോലി വിസ തുടങ്ങിയ വിസകളും ഓണ്‍ലൈനായി മാറും.