ഉത്തർപ്രദേശ്: ഐസിയുവിൽ രോഗി കൂട്ടബലാത്സംഗത്തിനിരയായി • ഇ വാർത്ത | evartha
Latest News, National

ഉത്തർപ്രദേശ്: ഐസിയുവിൽ രോഗി കൂട്ടബലാത്സംഗത്തിനിരയായി

മീററ്റ്: ശ്വാസതടസം മൂലം തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയെ ആശുപത്രി ജീവനക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മീററ്റിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന 29 വയസുകാരിയായ യുവതിയെ മയക്കുമരുന്ന് കുത്തിവെച്ച് മയക്കിയ ശേഷം ഡോക്ടർ അടക്കം മൂന്നുപേർ ചേർന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. നഴ്സിംഗ് ഹോമിലെ വനിതാ നഴ്സാണ് മയക്കുമരുന്ന് കുത്തിവെച്ചത്. സംഭവം നടക്കുന്ന സമയം എല്ലാ സിസിടിവി ക്യാമറകളും ഓഫ് ചെയ്തു വെയ്ക്കുകയും ചെയ്തു.

യുവതിയുടെ ഭർത്താവിന്റെ പരാതിയെത്തുടർന്ന് നഴ്സും ഡോക്ടറുമടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ ഒളിവിലാണ്.

മാർച്ച് 21-നാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവർക്ക് “ഫാറ്റി ലിവർ” ഉള്ളതായി പിന്നീട് കണ്ടെത്തി. മയക്കത്തിൽ നിന്നുണരുമ്പോൾ തന്റെ ബെഡിൽ തന്റെയടുത്തായി വാർഡ് ബോയ് കിടക്കുന്നത് കണ്ട് യുവതി ഭയന്ന് നിലവിളിക്കുകയായിരുന്നു. നിലവിളികേട്ട് ഭർത്താവ് ഐസിയുവിനുള്ളിലേയ്ക്ക് ചെന്നപ്പോഴേയ്ക്കും അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു.

നിയാസു(20), അശോക് മാലിക്(35), ശദാബ്(23), നഴ്സ് ലക്ഷ്മി(50) എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 376 വകുപ്പ് ( ബലാത്സംഗം) പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ശദാബിനെ ഇനിയും പിടികൂടാനായിട്ടില്ല.