ഐപിഎല്ലില്‍ ചരിത്ര നേട്ടത്തിനുടമയായി റെയ്‌ന

single-img
24 March 2019

ഐപിഎല്ലില്‍ ചരിത്രനേട്ടത്തിനുടമയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയന. ഇന്നലെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ 15 റണ്‍സിലെത്തിയപ്പോള്‍ ലീഗില്‍ 5,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.

177 മത്സരങ്ങളില്‍ നിന്നാണ് റെയ്‌നയുടെ ഈ ചരിത്ര നേട്ടം. 35 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമാണ് ഈ റണ്‍വേട്ടയ്ക്കിടെ താരം സ്വന്തമാക്കിയത്. ചെന്നൈ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു വര്‍ഷക്കാലം ഗുജറാത്ത് ലയണ്‍സിനായി കളിച്ച റെയ്‌ന ആ കാലയളവില്‍ 841 റണ്‍സ് നേടിയിരുന്നു.

അചേസമയം ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം. വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു. ബംഗ്ലൂരിന്റെ 70 വിജയലക്ഷ്യം സൂപ്പര്‍ കിംഗ്‌സ് 17.4 ഓവറില്‍ മറികടന്നു.

42 പന്തില്‍ 28 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. സുരേഷ് റെയ്‌ന(19), കേദാര്‍ ജാദവ്(13) എന്നിവര്‍ പുറത്തായി. രവീന്ദ്ര ജഡേജ ആറു റണ്‍സുമായി പുറത്താകാതെ നിന്നു. ചാഹല്‍, മോയിന്‍ അലി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ചെന്നൈയുടെ സ്പിന്‍ ബൗളിംഗിന് മുന്നില്‍ തകരുകയായിരുന്നു. ഓപ്പണറായി ഇറങ്ങി അവസാനം പുറത്തായ പാര്‍ഥിവ് പട്ടേലാണ്(35 പന്തില്‍ 29) ബാംഗ്ലൂരിന്റെയ ടോപ് സ്‌കോറര്‍. കോഹ്‌ലിയും എ.ബി.ഡിവില്ലിയേഴ്‌സും അടക്കം വേറൊറ്റ ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കണ്ടില്ല. ഇരുവരേയും ഹര്‍ഭജന്‍ സിംഗിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്ത് പുറത്താക്കി.