സഹപ്രവർത്തകയെ രഹസ്യമായി വിവാഹം കഴിച്ച വിവരവും യെദിയൂരപ്പയുടെ ഡയറിയിൽ: വിവാഹം നടന്നത് ചോറ്റാനിക്കരയിൽ വെച്ച്

single-img
22 March 2019
yeddyurappa marriage caravan yeddy diaries

കാരവൻ മാഗസിൻ പുറത്തുവിട്ട യെദിയൂരപ്പയുടെ ഡയറിക്കുറിപ്പുകളിൽ അദ്ദേഹം രഹസ്യമായി നടത്തിയ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളും. പാർട്ടിയിലെ തൻറെ സഹപ്രവർത്തകയായിരുന്ന ശോഭ കരന്ദലജെയെ രഹസ്യമായി വിവാഹം കഴിച്ചതായി ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള കുറിപ്പുകളാണ് യെദിയൂരപ്പയുടെ ഡയറിയിൽ ഉള്ളതെന്ന് കാരവാൻ റിപ്പോർട്ടിൽ പറയുന്നു.

2016-ൽ കർണാടക ജനതാ പാർട്ടിയുടെ സ്ഥാപക പ്രസിഡണ്ടായിരുന്നു പത്മനാഭ പ്രസന്ന കുമാർ ആണ് യദിയൂരപ്പ ശോഭയെ രഹസ്യമായി വിവാഹം കഴിച്ചതായി ആദ്യം ആരോപണമുന്നയിച്ചത്. ഇക്കാര്യം പുറത്തുവിടുന്നതിനായി അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്ന വേളയിൽ ഒരുകൂട്ടം ആക്രമികൾ അദ്ദേഹത്തിൻറെ ദേഹത്ത് ഒരു രാസ മിശ്രിതം ഒഴിച്ച് ആക്രമണം നടത്തിയിരുന്നു. എന്നാൽ യെദിയൂരപ്പയോ ശോഭയോ ഇക്കാര്യം നിഷേധിക്കുവാനോ വിശദീകരിക്കുവാനോ രംഗത്തു വന്നിട്ടില്ല.

യെദിയൂരപ്പയുടെ ഡയറിയുടെ ഒരു പേജിൽ ഇപ്രകാരം പറയുന്നു:

“ എൻറെ ഭാര്യ മൈത്രാദേവിയുടെ മരണത്തിനുശേഷം എനിക്ക് വലിയ ഏകാന്തതയായിരുന്നു അതിനാൽ ഞാൻ കേരളത്തിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വച്ച് ശോഭ
കരന്ദലജെയെ ഹിന്ദു ആചാരപ്രകാരം ശരീരം കൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും (കായ വാച മനസ) എൻറെ ഭാര്യയായി സ്വീകരിച്ചു.”

ബിജെപിയുടെ ഉടുപ്പി-ചിക്കമംഗളൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയും പ്രമുഖ നേതാവുമാണ് 52 വയസുകാരിയായ ശോഭ കരന്ദലജെ. ഇവർ വളരെക്കാലം കർണാടക മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നിട്ടുണ്ട്. യെദിയൂരപ്പ ബിജെപിയുമായി പിണങ്ങി കർണാടക ജനതാ പാർട്ടിയിലേക്ക് പോയപ്പോൾ അദ്ദേഹത്തോടൊപ്പം പോവുകയും പിന്നീട് അദ്ദേഹം തിരികെ വന്നപ്പോൾ തിരിച്ചു ബിജെപിയിലേക്ക് വരികയും ചെയ്തിരുന്നു.

യെദിയൂരപ്പ 2009-ൽ ബിജെപി ദേശീയനേതാക്കൾക്കും നേതാക്കൾക്കും കേന്ദ്രക്കമ്മിറ്റിയ്ക്കുമായി 1800 കോടിരൂപ കൈക്കൂലി നൽകിയതിന്റെ തെളിവുകൾ കാരവാൻ മാഗസിൻ പുറത്തുവിട്ടിരുന്നു. ആദായനികുതി വകുപ്പിന്റെ കൈവശമുള്ള യെദിയൂരപ്പയുടെ കൈപ്പടയിലുള്ള ഡയറിക്കുറിപ്പ് അടക്കമാണ് കാരവാൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.