കുവൈത്തിലെ പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സര്‍ക്കാര്‍ സമിതി; പ്രവാസി യുവാക്കള്‍ വലയും

single-img
21 March 2019

വിദേശി കുടുംബങ്ങള്‍ക്ക് സ്വദേശി താമസ മേഖലയില്‍ വീട് വാടകക്ക് നല്‍കുന്നതിന് നിയമ തടസ്സമില്ലെന്നു കുവൈത്തിലെ സര്‍ക്കാര്‍ സമിതിയുടെ വിശദീകരണം. വിദേശികളായ ബാച്ചിലേഴ്‌സിന് താമസമൊരുക്കുന്നതു മാത്രമാണ് നിയമ വിരുദ്ധം. കുടുംബങ്ങള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സമിതി വ്യക്തമാക്കി.

സ്വദേശി താമസ മേഖലയിലെ വിദേശി ബാച്ച്‌ലര്‍മാരുടെ താമസം നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തിയ കമ്മിറ്റി സമിതി ഏപ്രില്‍ ഒന്നിന് യോഗം ചേരുന്നുണ്ട്. എന്നാല്‍ ഈ യോഗത്തില്‍ കുടുംബമൊത്തുള്ള വിദേശികളുടെ താമസം ചര്‍ച്ചയാകില്ലെന്നു കമ്മിറ്റി അധ്യക്ഷന്‍ അമ്മാര്‍ അല്‍ അമ്മാര്‍ പറഞ്ഞു.

അതേസമയം, ബാച്ചിലര്‍ താമസം സംബന്ധിച്ച് ലഭിച്ച പരാതികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ എല്ലാ ഗവര്‍ണറേറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വദേശികള്‍ ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് ഫ്‌ലാറ്റുകള്‍ വാടകക്ക് നല്‍കുന്നത് കണ്ടെത്താന്‍ മുനിസിപ്പാലിറ്റി ടീം എല്ലാ ദിവസവും നിരീക്ഷണം നടത്തുന്നുണ്ട്.

ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ കൃത്യമായ എണ്ണം എടുക്കാന്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായും അമ്മാര്‍ അല്‍ അമ്മാര്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളില്‍ നല്‍കിയ മുന്നറിയിപ്പുകള്‍ പരിഗണിക്കാതെ സ്വദേശി പാര്‍പ്പിട മേഖലകളില്‍ താമസം തുടരുന്ന ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിന് കടുത്ത നടപടി സ്വീകരിക്കുമെന്നും കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്ന മുറക്ക് നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഉള്‍പ്പെടെ കാര്യങ്ങളിലേക്ക് കടക്കുമെന്നും സര്‍ക്കാര്‍ സമിതി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.