ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി: ബാങ്കുവിളി ടിവിയിലൂടെയും റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യും

single-img
20 March 2019

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ടുമിനിറ്റ് പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡൻ്റെ പ്രഖ്യാപനം. ബാങ്കുവിളി ന്യൂസിലന്‍ഡ് ടിവിയിലൂടെയും റേഡിയോയിലൂടെയും ബ്രോഡ്കാസ്റ്റ് ചെയ്യുമെന്നും അവര്‍ അറിയിച്ചു. .

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കാനിരിക്കെ ജസീണ്ട ക്രൈസ്റ്റ്ചര്‍ച്ചില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച അവര്‍ പ്രിയപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്ത കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ ‘പേരില്ലാത്തവന്‍’ ആയി കണക്കാക്കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വെള്ളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് ജസീണ്ട ഇക്കാര്യം പറഞ്ഞത്.

അറബ് ആശംസാവചനമായ ‘അസ്സലാമു അലൈക്കും’ എന്ന അഭിസംബോധനയോടെയാണ് ജസിണ്ട പ്രസംഗം ആരംഭിച്ചത്. ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ചുപറയേണ്ടത്. അക്രമിയുടെ പേരല്ലെന്നും ജസിണ്ട പറഞ്ഞിരുന്നു. ‘ന്യൂസിലന്‍ഡ് നിയമത്തിന്റെ സര്‍വ്വശക്തിയും ഉപയോഗിച്ച്’ അക്രമം നടത്തിയയാളെ നേരിടുമെന്നും അവര്‍ പറഞ്ഞിരുന്നു.

നേരത്തെ ഹിജാബ് ധരിച്ചായിരുന്നു ജസിണ്ട കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചത്. ഇത് ലോകത്തിന്റെ കയ്യടി നേടിയിരുന്നു.