വാഹന പരിശോധനയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം; ടിക്ടോക്കിലൂടെ വിദ്യ പകർന്നു നൽകിയ യുവാവിനെ തേടി മോട്ടോര്‍ വാഹന വകുപ്പ്

single-img
19 March 2019

വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടാനുള്ള വിദ്യ സോഷ്യൽമീഡിയയിലൂടെ വൈറലാക്കിയ ബൈക്ക് ഉടമയെ തേടി മോട്ടോർ വാഹന വകുപ്പ്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്ത യുവാവിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് തിരയുന്നത്.

യുവാവ് ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ 1 ലക്ഷം പേരിലധികം കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ബൈക്കിന്റെ ആര്‍സി ഉടമയെ അന്വേഷിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതെങ്കിലും ഇതു മറ്റൊരാള്‍ക്കു വിറ്റതായി കണ്ടെത്തി.

ഇതുവരെ പുതിയ ഉടമയുടെ പേരില്‍ വണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആര്യാട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത യുവാവാണു ബൈക്ക് വാങ്ങി പ്രത്യേകം രൂപകല്‍പനചെയ്ത ഫ്രെയിമില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചത്.

ബൈക്ക് ഓടിക്കുന്നയാളിനൊപ്പം പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കു കൈ കൊണ്ടു നമ്പര്‍ പ്ലേറ്റ് മടക്കി വയ്ക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചു സാധിക്കും. വാഹന പരിശോധനകളെ മറികടക്കാനാണു നമ്പര്‍ പ്ലേറ്റിനു മാറ്റം വരുത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

വീഡിയോയുടെ അടിസ്ഥാനത്തിൽ ആര്യാട് സ്വദേശിയായ ആര്‍സി ഉടമയ്ക്കും ബൈക്ക് വാങ്ങിയ യുവാവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.