ബോയിംഗ് 737 മാക്‌സ് 8 നിലത്തിറക്കാന്‍ ഇന്ത്യയ്‌ക്കൊപ്പം യുഎഇയുടെയും തീരുമാനം

single-img
13 March 2019

എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ ബോയിംഗ് കമ്പനിയുടെ 737 മാക്‌സ് 8 മോഡല്‍ യാത്രാവിമാനങ്ങള്‍ ഇന്ത്യയും നിലത്തിറക്കി. ഇന്ത്യന്‍ വ്യോമയാന നിരീക്ഷക സംഘമാണ് ബോയിംഗ് വിമാനം നിലത്തിറക്കി സുരക്ഷാ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

നിരവധി ലോകരാജ്യങ്ങള്‍ ബോയിംഗ് വിമാനം നിലത്തിറക്കി പരിശോധന നടത്തുന്നതിനിടെയാണ് ഇന്ത്യയും നടപടി സ്വീകരിച്ചത്. സ്‌പൈസ് ജെറ്റും ജെറ്റ് എയര്‍വെയ്‌സുമാണ് ബോയിംഗ് കമ്പനിയുടെ 737 മോഡല്‍ ഉപയോഗിക്കുന്നത്. സ്‌പൈസ് ജെറ്റിന് 13 വിമാനങ്ങളും ജെറ്റ് എയര്‍വെയ്‌സിനു അഞ്ചെണ്ണവുമാണ് ഉള്ളത്.

അതിനിടെ, 737 മാക്‌സ് 8 മോഡല്‍ യാത്രാവിമാനങ്ങള്‍ നിലത്തിറക്കി യുഎഇ സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറത്തിറക്കി. അപകടത്തിനുശേഷമുള്ള സാഹചര്യം വീക്ഷിച്ചുവരികയാണെന്ന് ജിസിഎഎ അറിയിച്ചു. ചൈന കഴിഞ്ഞദിവസം ബോയിംഗ് കമ്പനിയുടെ 97 വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു. ബ്രിട്ടന്‍, നോര്‍വേ, ഓസ്‌ട്രേലിയ, സിംഗപ്പുര്‍, ഒമാന്‍, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണകൊറിയ തുടങ്ങി നിരവധി രാജ്യങ്ങളും മാക്‌സ് എട്ടിന്റെ സര്‍വീസ് താത്കാലികമായി നിര്‍ത്തുകയാണെന്നു പ്രഖ്യാപിച്ചു.

2017ല്‍ പുറത്തിറങ്ങിയ ഈ മോഡല്‍ ആറു മാസത്തിനിടെ രണ്ടു വലിയ ദുരന്തങ്ങള്‍ക്കാണ് ഇരയായത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ കെനിയയിലേക്കു പുറപ്പെട്ട വിമാനം തകര്‍ന്ന് 157 പേരാണു ഞായറാഴ്ച മരിച്ചത്. ആറു മാസം മുമ്പ് ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ സമാന മോഡല്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചു.

പുതിയ വിമാനങ്ങള്‍ തകരാനുള്ള സാധ്യത അപൂര്‍വമാണ്. ഏറ്റവും പുതിയ മോഡലാണെങ്കില്‍ അത്യപൂര്‍വവും. കഴിഞ്ഞ നവംബറില്‍ വാങ്ങിയ പുതുപുത്തന്‍ വിമാനമാണ് എത്യോപ്യയില്‍ തകര്‍ന്നുവീണത്. ലോകത്താകമാനമായി ഈ മോഡലിലുള്ള 350 വിമാനങ്ങളാണു സര്‍വീസിലുള്ളത്. വിവിധ കമ്പനികള്‍ മൊത്തം 5000 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.