അമ്മ കുഞ്ഞിനെ മറന്നു; സൗദിയില്‍ വിമാനം തിരിച്ചിറക്കി; പൈലറ്റിന്റെ വീഡിയോ വൈറലായി

single-img
12 March 2019

സ്വന്തം കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്ന് യാത്രക്കാരിയായ അമ്മ. വിവരമറിഞ്ഞ് പറന്നുയര്‍ന്ന വിമാനം നിലത്തിറക്കി പൈലറ്റ്. ജിദ്ദ കിങ് അബ്ദുള്‍ അസിസ് രാജ്യാന്തര വിമാനത്താവളമാണ് അപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിന്നും ക്വാലാലംപൂരിലേയ്ക്ക് പറന്ന എസ് വി 832 വിമാനമാണ് പൈലറ്റ് അടിയന്തരമായി നിലത്തിറക്കിയത്.

വിമാനം പറന്നുയര്‍ന്ന ശേഷമാണ് യാത്രക്കാരിയായ മാതാവ് തന്റെ കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്ന കാര്യം അറിയുന്നത്.
അവര്‍ പരാതിപ്പെട്ടു. പിന്നെ വിമാനം തിരിച്ചിറക്കാനുള്ള ശ്രമങ്ങള്‍. ഞങ്ങള്‍ക്ക് തിരിച്ചുവരാമോ…എന്ന് ചോദിച്ചുകൊണ്ട് പൈലറ്റ് തിരികെ ലാന്‍ഡിങ്ങിന് അനുവാദം തേടി.

‘ഈ വിമാനം അടിയന്തിരമായി തിരിച്ചിറങ്ങുന്നതിനായി അപേക്ഷിക്കുകയാണ്. ഒരു യാത്രക്കാരി തന്റെ കുഞ്ഞിനെ കാത്തിരിപ്പു കേന്ദ്രത്തില്‍ മറന്നുപോയി. ദയനീയമാണ് അവസ്ഥ. ദൈവം നമ്മളോടൊപ്പമുണ്ടാകും. ഞങ്ങള്‍ക്ക് തിരിച്ചിറങ്ങാന്‍ സാധിക്കുമോ?’എന്നായിരുന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളറോട് ആവശ്യപ്പെട്ടത്. വിമാനം തുടര്‍ന്ന് യാത്ര ചെയ്യാന്‍ യാത്രക്കാരി സമ്മതിക്കുന്നില്ലെന്നും പൈലറ്റ് പറയുന്നുണ്ട്.

പിന്നീട് തിരിച്ചിറങ്ങുന്നതിന് അനുവാദം തേടിയതിന്റെ കാരണം ഒന്നുകൂടി ഉറപ്പിച്ചതിന് ശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് വിമാനത്തിന് തിരികെയിറങ്ങാന്‍ എയര്‍ ട്രാഫിക് ഉദ്യോഗസ്ഥന്‍ അനുമതി നല്‍കിയത്. ശരി ഗേറ്റിലേക്ക് വന്നോളൂ, ഇത് തീര്‍ത്തും പുതിയ അനുഭവമാണ് ഞങ്ങള്‍ക്ക് എന്നായിരുന്നു എയര്‍ ട്രാഫിക് ഓപ്പറേറ്റര്‍ പൈലറ്റിന് നല്‍കിയ മറുപടി. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്