പകരക്കാരെ ഇറക്കി കളിയുടെ സമയം കൂട്ടാന്‍ കഴിയില്ല; ഫുട്‌ബോളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് രാജ്യാന്തര നിയമപരിഷ്‌കരണ സമിതി ‘ഇഫാബ്’ന്‍റെ അംഗീകാരം

single-img
6 March 2019

ലണ്ടന്‍: ലോക ഫുട്‌ബോളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഫുട്‌ബോളിന്റെ രാജ്യാന്തര നിയമപരിഷ്‌കരണ സമിതിയായ ‘ഇഫാബ്’ അംഗീകാരം നല്‍കി. ഈ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ പരിഷ്ക്കാരങ്ങള്‍ അനുസരിച്ച് കളി നടക്കുമ്പോള്‍ പകരക്കാരെ ഇറക്കി സമയംകൂട്ടാന്‍ ഒരു ടീമിന് സാധ്യമല്ല. മാത്രമല്ല, മോശമായി പെരുമാറുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്ക് മഞ്ഞ ചുവപ്പു കാര്‍ഡുകള്‍ ആവശ്യംപോലെ ഉയര്‍ത്തുന്നതിനും സാധിക്കും.

ഇന്ന് ചേര്‍ന്ന ‘ഇഫാബി’ന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനത്തിന് അംഗീകാരമായത്. സ്‌കോട്ടീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഫിഫയുടെ ഔദ്യോഗിക അംഗങ്ങള്‍, ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അസോസിയേഷനുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മുന്‍പേ തന്നെ തീരുമാനിച്ചിരുന്ന നിയമങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കുകയായിരുന്നു.

പകരക്കാരെ കളിക്കാന്‍ ഇറക്കുമ്പോള്‍ മൈതാനത്തുള്ള കളിക്കാരന്‍ ഏത് വരയ്ക്കരികിലാണോ ഉള്ളത് അവിടെനിന്നും പുറത്തുപോകണമെന്നാണ് പുതിയ നിയമം. മുന്‍പ് മധ്യവരയ്ക്കടുത്ത് പകരമായി ഇറങ്ങേണ്ട കളിക്കാരന്‍ കാത്തുനില്‍ക്കുകയാണ് പതിവ്. മാത്രമല്ല, ഫ്രീകിക്ക് എടുക്കുമ്പോള്‍ കിക്ക് എടുക്കുന്ന ടീമിലെ കളിക്കാര്‍ക്ക് പ്രതിരോധമതിലിന്‍റെ ഒപ്പം ഇനിമുതല്‍ നില്‍ക്കാനാകില്ല. മറ്റൊരുമാറ്റം റഫറിയുടെ കാലില്‍ തട്ടിയ പന്തില്‍ ഡ്രോപ് ബോള്‍ നല്‍കാവുന്നതാണ്. പെനാല്‍റ്റിക്കായി കിക്കെടുക്കുമ്പോള്‍ ഗോള്‍കീപ്പറുടെ ഒരു കാല്‍ ഗോള്‍ലൈനില്‍ ടച്ച് ചെയ്യണം. ഗോള്‍കിക്ക് അല്ലെങ്കില്‍ ഫ്രീകിക്ക് ആയിട്ടുള്ള പന്ത് പെനല്‍റ്റി ഏരിയ കടക്കും മുന്‍പേ മറ്റൊരാള്‍ ഏറ്റെടുത്ത് കളി തുടരാം എന്നതാണ് മറ്റൊരു നിയമം.