കടൽവഴി തിരിച്ചടിക്കു സാധ്യത; മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പു നൽകി ഫിഷറീസ് വകുപ്പ്

single-img
4 March 2019

ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് കടൽവഴി ആക്രമണത്തിന് സാധ്യതയെന്നു മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി ഫിഷറീസ് വകുപ്പ്. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യത്തെക്കുറിച്ച് കരുതലോടെയിരിക്കണമെന്നും സംശയകരമായ എന്തു കാര്യവും അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

കടല്‍ മാര്‍ഗമുള്ള തിരിച്ചടിക്ക് ഭീകരര്‍ തയാറായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം. ബന്ധപ്പെട്ട ഏജന്‍സികളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ സന്ദേശം നല്‍കിയതെന്ന് ഫീഷറീസ് വകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് പറഞ്ഞു.

കടലോര ജാഗ്രതാ സമിതികള്‍, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ക്കാണ് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുവായ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളതെന്ന നാവിക സേനാ വൃത്തങ്ങള്‍ പറഞ്ഞു.