സിപിഐ സ്ഥാനാർഥികളായി; തിരുവനന്തപുരത്ത് സി ദിവാകരൻ

single-img
4 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാർത്ഥികളായി തിരുവനന്തപുരത്ത് സി ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും മത്സരിക്കും. തൃശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പിപി സുനീറുമാണ് സ്ഥാനാര്‍ഥികള്‍. ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ചതായാണ് സൂചന.

കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായിരുന്ന സി ദിവാകരന്‍ നിലവില്‍ നെടുമങ്ങാട്ടു നിന്നുള്ള എംഎല്‍എയാണ്. ചിറ്റയം ഗോപകുമാര്‍ അടൂരില്‍നിന്നുള്ള നിയമസഭാംഗവും. തൃശൂരില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടുള്ള രാജാജി മാത്യു തോമസ് നേരത്തെ ഒല്ലൂര്‍ എംഎല്‍എയായിരുന്നു. നിലവില്‍ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ പത്രാധിപരാണ്. രണ്ടു സിറ്റിങ് എംഎല്‍എമാരും ഒരു മുന്‍ എംഎല്‍എയും അടങ്ങുന്നതാണ് സിപിഐ പട്ടിക.

തിരുവനന്തപുരം മണ്ഡലത്തിലേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേര് ഒന്നാമതായി ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കു നല്‍കിയിരുന്നത്. കാനം മത്സരത്തിനില്ലെന്ന നിലപാട് നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണ പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പെട്ട തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ച വയ്ക്കണമെന്ന വാദം മുന്നോട്ടുവച്ചുകൊണ്ടാണ് ജില്ലാ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയുടെ പേരു നിര്‍ദേശിച്ചത്. കാനത്തിനു പുറമേ സി ദിവാകരന്‍, ജില്ലാ സെക്രട്ടറി ജിആര്‍ അനില്‍ എന്നിവരുടെ പേരും പട്ടികിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.