ഇന്ത്യൻ വ്യോമാക്രമണത്തിൽ ബാലാക്കോട്ടിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു ഓസ്ട്രേലിയൻ സ്ഥാപനം; തെളിവായി ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടു

single-img
2 March 2019

ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിൽ നടത്തിയ ബോംബാക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഓസ്ട്രേലിയൻ സ്ഥാപനവും. ഉപഗ്രഹചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ ഇക്കാര്യങ്ങൾ  വ്യക്തമാക്കുന്നതായി പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്ന ഓസ്ട്രേലിയൻ സ്ട്രാറ്റെജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (എഎസ്പിഐ) പറഞ്ഞു.

ആക്രമണത്തിനു മുൻപും ശേഷവും എർത്ത് ഇമേജിങ് കമ്പനിയായ പ്ലാനെറ്റ് ലാബ്സിന്റെ ഉപഗ്രഹചിത്രങ്ങളാണ് പരിശോധനയ്ക്കു വിധേയമാക്കിയിരിക്കുന്നത്. ബാലാക്കോട്ടിലെ വൻ ഭീകരപരിശീലനകേന്ദ്രം തകർത്തുവെന്നാണ്  ഇന്ത്യൻ നിലപാട്. എന്നാൽ സംഭവം നടന്ന സ്ഥലത്തുള്ള കെട്ടിടത്തിന് മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് എഎസ്പിഐയുടെ റിപ്പോർട്ട്.

അറ്റ്ലാന്റിക് കൗൺസിലിന്റെ ഡിജിറ്റൽ ഫൊറൻസിക് ലാബും സമാനമായ റിപ്പോർട്ട് പുറത്തുവിട്ടു. സമീപത്ത് മരങ്ങൾ നിൽക്കുന്ന ഭാഗത്തു മാത്രമാണ് മാറ്റങ്ങളുള്ളതെന്ന് ഇവർ ചൂണ്ടിക്കാണിച്ചത്. വാഷിങ്ടൺ ആസ്ഥാനമായ വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോജക്റ്റ് അസോഷ്യേറ്റായ രാജ ഭഗത്തും ഈ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നുണ്ട്.

കഴിഞ്ഞദിവസം, സൈനിക നടപടി മാധ്യമങ്ങളോടു വിശദീകരിച്ച ഇന്ത്യൻ എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂറിനോട് കൊല്ലപ്പെട്ട ഭീകരുടെ എണ്ണത്തെക്കുറിച്ചു ചോദിച്ചിരുന്നു. അതിനു മറുപടിയായി തങ്ങൾ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും മറ്റു വിവരങ്ങളും തെളിവുകളും പുറത്തുവിടണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഉന്നതനേതൃത്വമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.