അഭിനന്ദന് സൈനിക വിമാനം പറത്താന്‍ ഇനി ആറുമാസം കാത്തിരിക്കണം: എത്രവലിയ ഓഫീസറായാലും ശത്രുരാജ്യത്തിൻ്റെ പിടിയിലായാല്‍ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങള്‍ ഇങ്ങനെ

single-img
2 March 2019

പാകിസ്ഥാനില്‍ അവരുടെ സൈന്യത്തിന്റെ തടവില്‍ മണിക്കൂറുകള്‍ ചിലവഴിച്ച ശേഷം സ്വന്തം രാജ്യത്ത് മടങ്ങിയെത്തിയ വൈമാനികൻ അഭിനന്ദന്‍ വര്‍ധമാനെ  കാത്തിരിക്കുന്നത് പ്രയാസമേറിയ ദിനങ്ങൾ. അഭിനന്ദന് സൈനിക വിമാനം പറത്താന്‍ ആറുമാസം കാത്തിരിക്കണം, സൈനിക രീതിയനുസരിച്ച് ചിലപ്പോള്‍ വലിയ ദൗത്യങ്ങളില്‍ പോലും ഒഴിവാക്കണമെന്നുള്ളതും യാഥാർത്ഥ്യമാണ്.

ശത്രുരാജ്യത്തിന്റെ പിടിയിലായവര്‍ തിരിച്ചെത്തിയാല്‍ എത്രവലിയ ഉദ്യോഗസ്ഥനാണെങ്കില്‍ പോലും അയാള്‍ക്ക് പിന്നീട് കൂടുതല്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്കാറില്ല എന്നുള്ളതാണ്  ഇതുവരെയുള്ള രീതി.

നാട്ടിൽ മടങ്ങിയെത്തിയ  വൈമാനികൻ്റെ കാര്യത്തിൽ സൈന്യത്തിന് ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ശാരീരിക, മാനസിക പരിശോധനകളും സൈനിക ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെടെ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ ദിവസങ്ങളോളം ദീര്‍ഘിക്കുന്ന വിശദമായ ചോദ്യംചെയ്യലും കഴിഞ്ഞു മാത്രമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂ. പാക് സൈന്യത്തിന്റെ പിടിയിലായിരുന്നതിനാല്‍ ബന്ദിയായിരുന്നയാളുടെ ശരീരത്തില്‍ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോര്‍ത്താന്‍ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നുള്ളതാണ് ആദ്യ പരിശോധന.

ഒരു നിശ്ചിത കാലയളവില്‍ അഭിനന്ദന്‍ സൈന്യത്തിന്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ശരീരാന്തര്‍ഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പല വട്ടം സ്‌കാനിംഗിന് വിധേയനാകേണ്ടിവരും.  ഒരർത്ഥത്തിൽ ശത്രുരാജ്യത്തിന്റെ പൗരനെ നിരീക്ഷിക്കുന്നതു പോലെയാണ് നടപടിക്രമങ്ങൾ.

പിടിയിലായ ശമഷം ശത്രുക്കളുടെ ബ്രെയിന്‍ വാഷിനു വിധേയനാക്കപ്പെട്ട് ചാരവൃത്തി ദൗത്യമേറ്റെടുത്താണോ ഒരാള്‍ മടങ്ങിയെത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കുക സൈന്യത്തിന്റെ പ്രധാന ചുമതലയാണ്.ഇതെല്ലാം അതിജീവിച്ചാൽ മാത്രമേ അഭിനന്ദന്‍ വര്‍ധമാന് മറ്റു ദൗത്യങ്ങളിൽ പങ്കാളിയാകാൻ കഴിയൂ.

വ്യോമസേനാ ചരിത്രത്തിലെ വീരപുരുഷനായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയുടെ മകന്‍ എയര്‍ മാര്‍ഷല്‍ കെ.സി. നന്ദ കരിയപ്പ 1965ലെ യുദ്ധകാലത്ത് പാക് പിടിയിലായപ്പോഴും ഇതുതന്നെയായിരുന്നു നടപടി.