ക്രിസ് ഗെയ്ല്‍ സ്വന്തമാക്കിയത് അത്യപൂര്‍വ ലോക റെക്കോര്‍ഡ്

single-img
28 February 2019

പ്രായം 40 ലേക്ക് എത്തുമ്പോഴും ബൗളറെ അതിര്‍ത്തി കടത്തിയുള്ള റണ്‍വേട്ടയില്‍ തന്നെ വെല്ലാന്‍ മറ്റൊരാളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഗെയ്ല്‍. ഇംഗ്ലണ്ടിനെതിരെ 14 സിക്‌സറുകളും 11 ബൗണ്ടറികളും അടിച്ചുകൂട്ടിയ ഗെയ്ല്‍ വേട്ടയാടി നേടിയത് 97 പന്തില്‍ 162 റണ്‍സ്.

ഇന്നലത്തെ വെടിക്കെട്ട് പ്രകടനത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്‌സറുകള്‍ പായിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡും ഗെയ്ല്‍ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ സിക്‌സറുകള്‍ മാത്രം പറത്തി ഗെയ്ല്‍ നേടിയത് 84 റണ്‍സാണ്. ബ്രയാന്‍ ലാറയ്ക്ക് ശേഷം ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വെസ്റ്റിന്‍ഡീസ് താരം എന്ന നേട്ടവും ഗെയ്ല്‍ സ്വന്തമാക്കി.

മൊത്തം താരങ്ങളില്‍ 14ാമനും. എന്നാല്‍, ഈ നാഴികക്കല്ലിലേക്ക് ഗെയ്ല്‍ എത്തിയ രീതിയാണ് അതിലും രസം. രാജ്യാന്തര ക്രിക്കറ്റിലെ 500ാം സിക്‌സ് പറത്തിയാണ് ഗെയ്ല്‍ 10,000 റണ്‍സ് പിന്നിട്ടത്. ആദില്‍ റഷീദ് എറിഞ്ഞ 16ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു ഇത്.

പിന്നീട് ക്രിസ് വോക്‌സിന്റെ പന്തില്‍ സിംഗിളെടുത്ത് ഗെയ്ല്‍ ഏകദിന സെഞ്ചുറികളുടെ എണ്ണം ‘കാല്‍ സെഞ്ചുറി’യില്‍ എത്തിച്ചു. 55 പന്തില്‍ ഏഴു ബൗണ്ടറിയും ഒന്‍പതു സിക്‌സം സഹിതമാണ് ഗെയ്ല്‍ 100 പിന്നിട്ടത്. ഇതിനിടെ ഏകദിനത്തില്‍ മാത്രം 300 സിക്‌സുകളെന്ന നേട്ടവും ഗെയ്ല്‍ പിന്നിട്ടു. 351 സിക്‌സുകള്‍ നേടിയ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്കു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം.

97 പന്തുകള്‍ നീണ്ട ഇന്നിങ്‌സിനൊടുവില്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ കുറ്റി തെറിച്ച് മടങ്ങുമ്പോഴേയ്ക്കും 162 റണ്‍സ് ഗെയ്ല്‍ വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തിരുന്നു. ഗെയ്ല്‍ മടങ്ങിയതിനു പിന്നാലെ വിന്‍ഡീസിന്റെ വിജയക്കുതിപ്പിനു മൂക്കുകയറും വീണു.

മേയ് അവസാനം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പോടെ ക്രിക്കറ്റിനോട് വിടപറയുമെന്ന് പ്രഖ്യാപിച്ചിറങ്ങിയ ഗെയ്ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ടു സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷമാണ് ഗെയ്ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തുന്നത്. 288 ഏകദിനങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ ഗെയ്ല്‍ 10,074 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഇതില്‍ 25 സെഞ്ചുറികളും 50 സെഞ്ചുറികളും ഉള്‍പ്പെടുന്നു. 165 വിക്കറ്റുകളും ഏകദിനത്തില്‍ ഗെയ്ല്‍ നേടിയിട്ടുണ്ട്.

103 ടെസ്റ്റില്‍ 7,214 റണ്‍സ് നേടിയിട്ടുള്ള ഗെയ്ല്‍ പലപ്പോഴും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി തെറ്റിപ്പിരിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ട്വന്റിു20 ലീഗുകളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ള ഗെയ്‌ലിന്റെ വെടിക്കെട്ട് ഐപിഎല്ലിലും നിരവധി തവണ ദൃശ്യമായിരുന്നു.