ഒരു സർപ്രെെസുണ്ട്, കാത്തിരുന്നോളൂ; ഇന്ത്യയ്ക്ക് പാകിസ്ഥാൻ്റെ മുന്നറിയിപ്പ്
ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന് വ്യക്തമാക്കി പാകിസ്ഥാന് സൈന്യം. പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. സര്‍പ്രൈസിനായി കാത്തിരുന്നോളൂ. മറുപടി തീര്‍ച്ചയായും വരും. അടുത്തത് ഞങ്ങളുടെ ഊഴമാണ്. തിരിച്ചടി വളരെ വ്യത്യസ്തമായിരിക്കുമെന്നും ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.
ഇന്ത്യ യുദ്ധത്തിന്റെ വഴിയാണ് പോകുന്നത്. തിരിച്ചടിക്കാന്‍ സൈന്യം തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. ഉചിതമായ സമയത്ത് തിരിച്ചടി ഉണ്ടാകും. ബുധനാഴ്ച പാര്‍ലമെന്റിന്റെ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം ചേരുന്ന നാഷണല്‍ കമാന്‍ഡ് അതോറിട്ടി യോഗം തിരിച്ചടിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും പാക് സൈനിക വക്താവ് അറിയിച്ചു.
ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സമിതിയാണ് നാഷണല്‍ കമാന്‍ഡ് അതോറിട്ടി. ഇന്ത്യയുടെ പോര് വിമാനങ്ങള്‍ മൂന്ന് ദിശയിലൂടെ പാകിസ്ഥാനില്‍ പ്രവേശിച്ചു. എന്നാല്‍ പാകിസ്ഥാന് വ്യോമസേന ഇതിനെ ഫലപ്രദമായി ചെറുത്തു. മുസഫറബാദ് സെക്ടറിലൂടെ എത്തിയ ഇന്ത്യന്‍ പോര് വിമാനങ്ങള്‍, പാക് സേനാവിമാനങ്ങള്‍ എത്തിയതോടെ, തിടുക്കത്തില്‍ ബാലാകോട്ടിന് സമീപം ബോംബുകള്‍ ഇട്ടശേഷം പിന്‍വാങ്ങുകയായിരുന്നുവെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു.