പാകിസ്ഥാനിൽ കടന്നുകയറി ഭീകരക്യാമ്പുകൾ തകർത്തെറിഞ്ഞ മിന്നലാക്രമണ ദൗത്യത്തിൽ മലയാളി സാന്നിദ്ധ്യവും: എയര്‍മാര്‍ഷര്‍ ചന്ദ്രശേഖരന്‍ ഹരികുമാർ മലയാളിയുടെ അഭിമാനം

single-img
27 February 2019

പാകിസ്താനെതിരേ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ മലയാളി സാന്നിധ്യവും. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയും പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിലെ കമാന്‍ഡിങ് ഇന്‍-ചീഫുമായ എയര്‍മാര്‍ഷര്‍ ചന്ദ്രശേഖരന്‍ ഹരികുമാറാണ് ഇന്ത്യയുടെ വ്യോമാക്രണത്തില്‍ നിര്‍ണായകപങ്കുവഹിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പാക്ഭീകരകേന്ദ്രങ്ങള്‍ക്ക് നേരേ വ്യോമാക്രമണം നടത്തിയത്.

വ്യോമസേനയുടെ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണം കൃത്യമായി ആസൂത്രണം ചെയ്യുന്നതിലും ഫലപ്രദമായി നടപ്പാക്കുന്നതിലും ഈ മലയാളി എയര്‍മാര്‍ഷലിന്റെ പരിചയസമ്പത്തും തുണയായി. മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും ക്യാമ്പുകളും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തിരുന്നു. ഇരുന്നൂറിലേറെ ഭീകരരെയാണ് ആക്രമണത്തില്‍ വധിച്ചത്.

ഇന്ത്യന്‍ വ്യോമസേനയില്‍ 1979-ല്‍ പ്രവേശിച്ച എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാറിന് പരമവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ അടക്കമുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ കിഴക്കന്‍ വ്യോമസേന കമാന്‍ഡിന്റെ മേധാവിയായിരുന്ന അദ്ദേഹം നിലവില്‍ തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ വ്യോമസേന കമാന്‍ഡിലെ എയര്‍മാര്‍ഷല്‍ കമാന്‍ഡിങ് ഇന്‍ ചീഫാണ്.