നാട്ടില്‍ മറന്നുവച്ച ടിക്കറ്റിന് 7 കോടി സമ്മാനം; വിശ്വസിക്കാനാവാതെ പ്രവാസി മലയാളി

single-img
27 February 2019

ദുബായ് മെഗാ നറുക്കെടുപ്പില്‍ മലയാളിയെത്തേടി വീണ്ടും ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം നറുക്കെടുപ്പിലെ ബമ്പര്‍ സമ്മാനമായ പത്തുലക്ഷം യു.എസ്.ഡോളര്‍ (ഏഴുകോടിയിലധികം രൂപ) ആണ് മലയാളിയായ മുഹമ്മദ് അസ്ലം അരയിലകത്തിന് (31) ലഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്.

ദുബായിലെ ഐറിഷ് വില്ലേജ് ഷോപ്പില്‍ നിന്നാണ് അസ്ലം ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ച വിവരം അറിയിക്കാനായി അധികൃതര്‍ വിളിച്ചപ്പോള്‍ ആദ്യം അസ്ലമിന് വിശ്വസിക്കാനായില്ല. അസ്ലം ഏഴുവര്‍ഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്.

അവധിക്ക് നാട്ടില്‍പോയപ്പോള്‍ സമ്മാനം ലഭിച്ച ടിക്കറ്റ് നാട്ടില്‍ മറന്നുവെച്ചതിനാല്‍ അതെടുക്കാന്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് അസ്ലം. 1999ല്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയശേഷം പത്തുലക്ഷം ഡോളര്‍ ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിക്കുന്ന 139ാമത്തെ ഇന്ത്യക്കാരനാണ് മുഹമ്മദ് അസ്ലം.

ഭാഗ്യം തേടിവന്ന 0369 എന്ന നമ്പറിനോട് അസ്ലത്തിന് പ്രത്യേക താത്പര്യമുണ്ട്. ഈ നമ്പര്‍ തന്റെ വാഹനത്തിന് ലഭിക്കാന്‍ മുമ്പ് ഏറെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, ഇഷ്ടനമ്പറിലൂടെ വലിയ നേട്ടം ഉണ്ടായതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. സാധാരണ സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റ് എടുക്കാറ്.

ഷാര്‍ജയില്‍ താമസിക്കുന്ന മുഹമ്മദ് അസ്‌ലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഷാര്‍ജ എമിറേറ്റ്‌സ് നാഷനല്‍ ഫാക്ടറി ഫോര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയില്‍ അക്കൗണ്ടന്റാണ്. കോടികള്‍ കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അസ്ലം പറഞ്ഞു.

ഇതേ നറുക്കെടുപ്പില്‍ മലയാളിയായ ജോണ്‍ കുര്യന്‍(56) ഓഡി ആര്‍8 ആര്‍ഡബ്ല്യുഎസ് വി10 കൂപെ കാര്‍ സ്വന്തമാക്കി. പുതുവത്സത്തില്‍ നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം ടിക്കറ്റെടുത്തത്. കൂടാതെ, കാസര്‍കോട് ബങ്കര മഞ്ചേരം സ്വദേശി അബ്ദുല്ല(55)യ്ക്ക് ബിഎംഡബ്ല്യു ആര്‍9 കാറും സമ്മാനം ലഭിച്ചിരുന്നു.