പാകിസ്താനെതിരായ മത്സരം: മൗനം വെടിഞ്ഞ് വിരാട് കോഹ്‌ലി

single-img
23 February 2019

ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രംഗത്ത്. പാകിസ്താനെതിരേ കളിക്കണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ബി.സി.സി.ഐയും എന്തു തീരുമാനമെടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്ന് കോലി അറിയിച്ചു.

ഓസീസിനെതിരേ ഞായറാഴ്ച നടക്കുന്ന ട്വന്റി 20 മത്സരത്തിനു മുന്‍പായി വിശാഖപട്ടണത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോലി. നേരത്തെ ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രിയും ഇതേഅഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

”പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബങ്ങളോട് ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ രാജ്യത്തിന് എന്താണോ വേണ്ടത്, എന്താണോ ബി.സി.സി.ഐ തീരുമാനിക്കുന്നത് ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും. സര്‍ക്കാരും ക്രിക്കറ്റ് ബോര്‍ഡും എന്ത് തീരുമാനിക്കുന്നോ ഞങ്ങളും അതിനൊപ്പമാകും, ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു”കോലി വ്യക്തമാക്കി.