ഇന്ത്യൻ വിജയം; ഭീകരാക്രമണത്തെ അപലപിച്ച, ജെയ്ഷെ മുഹമ്മദിൻ്റെ പേരെടുത്തുപറയുന്ന യുഎൻ പ്രമേയത്തിന് ചൈനയടക്കമുള്ളവരുടെ പൂർണ്ണ പിന്തുണ

single-img
23 February 2019

പുൽവാമ ഭീകരാക്രമണത്തെ കടുത്തഭാഷയിൽ അപലപിച്ച് യു.എൻ. രക്ഷാസമിതി. ഭീരുത്വം നിറഞ്ഞതും ഹീനവുമായ ആക്രമണമാണിതെന്ന് സുരക്ഷാസമിതി ഒറ്റക്കെട്ടായി പിന്തുണച്ച പ്രമേയത്തിൽ പറയുന്നു. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേരെടുത്തുപറയുന്ന പ്രമേയത്തെ ചൈനയടക്കം രക്ഷാസമിതിയിലെ 15 രാജ്യങ്ങളും പിന്തുണച്ചതയായാണ്  റിപ്പോർട്ടുകൾ.

പ്രമേയത്തിൽ ജെയ്ഷെയുടെ പേരെടുത്തുപറയുന്നതിനെ ആദ്യഘട്ടത്തിൽ ചൈന എതിർത്തതായി റിപ്പോർട്ടുകളുണ്ട്. പുൽവാമ ആക്രമണത്തെ നേരത്തേ ചൈന അപലപിച്ചിരുന്നുവെങ്കിലും ജെയ്ഷെയുടെ പേരുപറഞ്ഞിരുന്നില്ല. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ രക്ഷാസമിതിയിൽ എന്നും എതിർത്തുപോന്ന ചൈനയ്ക്കും പ്രമേയത്തെ പിന്തുണയ്ക്കേണ്ടിവന്നത് ഇന്ത്യയുടെ നയതന്ത്രവിജയമാണ്.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായും രക്ഷാസമിതി അധ്യക്ഷൻ അനാറ്റോലിയോ എൻദോങ് എംബയുമായും കൂടിക്കാഴ്ച നടത്തി യു.എന്നിലെ പാകിസ്താന്റെ സ്ഥിരംപ്രതിനിധി മലീഹ ലോധി ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരണം നൽകിയതിന്‌ തൊട്ടുപിന്നാലെയാണ് രക്ഷാസമിതിപ്രമേയമെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസാണ് പ്രമേയം കൊണ്ടുവരാൻ മുൻകൈയെടുത്തത്.