യു.എ.ഇ.യില്‍ മൂന്ന് മരുന്നുകള്‍ക്ക് വിലക്ക്

single-img
20 February 2019

ലൈംഗികശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനും വേണ്ടി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകള്‍ക്ക് യു.എ.ഇ. ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. രക്തസമ്മര്‍ദം ക്രമത്തിലധികം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേരില്‍ പുരുഷന്മാര്‍ക്കായി പുറത്തിറക്കുന്ന നസ്ടി ഗുളികകളില്‍ രക്തസമ്മര്‍ദം വളരെയധികം കുറയ്ക്കുന്ന തിയോസില്‍ഡിനാഫില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ: ആമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.

പ്രമേഹമോ ഹൃദ്രോഗമോ കൊഴുപ്പോകൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതാണ് ഇത്. ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലിയോപാഡ് മിറക്കിള്‍ ഹണി, ദഹനത്തിനായി ഉപയോഗിക്കുന്ന ഫെസ്റ്റാല്‍ എന്നീ മരുന്നുകള്‍ക്കും യു.എ.ഇ.യില്‍ വിലക്കേര്‍പ്പെടുത്തിയതായി ഡോ. ആമീന്‍ വ്യക്തമാക്കി.