വീരമൃത്യു വരിച്ച ജവാന് സല്യൂട്ട്; ജവാൻ്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ തന്നെ ഇന്‍ഷുറന്‍സ് തുക കൈമാറി എല്‍ഐസി

single-img
17 February 2019

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ്റെ സല്യൂട്ട്. ജവാന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ തന്നെ ഇന്‍ഷുറന്‍സ് തുക കൈമാറിയാണ് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വാർത്തകളിൽ നിറഞ്ഞത്.

അസ്വാഭാവിക മരണം സംഭവിച്ചാല്‍ മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുളള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ചട്ടം നിലനില്‍ക്കുമ്പോഴാണ് ഇവയെല്ലാം മാറ്റിവെച്ചു എല്‍ഐസിയുടെ മനുഷ്യത്വപരമായ ഇടപെടല്‍. ഇതിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍മീഡിയ.

കര്‍ണാടക മാണ്ഡ്യ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ എച്ച് ഗുരുവിന്റെ ജീവത്യാഗത്തില്‍ വേദനിക്കുന്ന കുടുംബത്തിനാണ് എല്‍ഐസിയുടെ ആശ്വാസനടപടി.എല്‍ഐസിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ജവാന്റെ മരണവിവരം അറിഞ്ഞ് മാണ്ഡ്യയിലുളള എല്‍ഐസി ബ്രാഞ്ചാണ് ഉടന്‍ 3,82,199 രൂപ എച്ച് ഗുരുവിന്റെ നോമിനിക്ക് കൈമാറിയത്. മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുളള രേഖകള്‍ ഒന്നും തന്നെ ആവശ്യപ്പെടാതെയായിരുന്നു ഇന്‍ഷുറന്‍സ് തുകയുടെ കൈമാറ്റം.

എട്ടുവര്‍ഷം മുന്‍പാണ് എച്ച് ഗുരു സിആര്‍പിഎഫില്‍ ചേരുന്നത്. ആറുമാസം മുന്‍പാണ് ഗുരു വിവാഹിതനായത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഗുരു.