നരേന്ദ്ര മോദി ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത ഇന്ത്യയുടെ അതിവേഗ തീവണ്ടി രണ്ടാംദിനം ബ്രേക്ക് ഡൗണായി

single-img
16 February 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത ഇന്ത്യയുടെ അതിവേഗ തീവണ്ടി രണ്ടാംദിനം ബ്രേക്ക് ഡൗണായി. അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസാണ്  തകരാറിലായത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എന്‍ജിന്‍ രഹിതമായ ട്രെയിന്‍ വാരണാസിയിലേക്കുള്ള ആദ്യ സര്‍വീസ് കഴിഞ്ഞ് മടങ്ങവെയാണ് ബ്രേക്ക്ഡൗണായത്.

ഇന്നലെയാണ് ഡല്‍ഹി -വാരണാസി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മോഡി ഉദ്ഘാടനം ചെയ്തത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിക്കുക. റായി ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയാണ് സംഭവം. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ട്രെയിനില്‍ നിന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതായി ട്രെയിനിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് ബ്രേക്ക് ജാം ആകുകയും പല കോച്ചുകളിലും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. ട്രെയിനിലെ എന്‍ജിനീയര്‍മാര്‍ പറയുന്നതനുസരിച്ച് ട്രെയിന്റെ തകരാര്‍ അടിയന്തരമായി പരിഹരിക്കാന്‍ കഴിയാത്തതാണ്.

തുടര്‍ന്ന് ട്രെയിനിലുള്ള മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും വേറെ ട്രെയിനുകളിലേക്ക് മാറ്റി. നാളെ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് തകരാര്‍.

മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനായ് വന്ദേ ഭാരത് എക്സ്പ്രസില്‍ പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണുള്ളത്. ജിപിഎസ്, ഓട്ടോമാറ്റിക് ഡോര്‍, ട്രോയിനിന്റെ വേഗത കാണിക്കുന്ന സ്‌ക്രീന്‍ ഉള്‍പ്പടെ നിരവധി ആധുനിക സംവിധാനങ്ങളാണ് വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്നതെന്നാണ്  സൂചനകൾ.