ഭീകരാക്രമണം; തിരിച്ചടിക്കുന്നതിനു മുൻപ് സർവകക്ഷിയോഗം വിളിച്ചു കേന്ദ്രസർക്കാർ: പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും

single-img
16 February 2019

പുല്‍വാമ ഭീകാരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഭീകരാക്രമണത്തിന് ഇന്ത്യ മറുപടിക്ക് ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് ആദ്യമായാണ്  സര്‍വകക്ഷിയോഗം വിളിക്കുന്നത്.

ആക്രണത്തെ കുറിച്ച് വിശദീകരിക്കാനും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. രാവിലെ പതിനൊന്ന് പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറി കെട്ടിടത്തിലാണ് യോഗം.

ഭീകരവാദത്തെ നേരിടാന്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാഷ്ട്രീയമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ക്ക് പിന്നാലെ സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബിജെപി നിരാകാരിച്ചിരുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് വിശദീകരിക്കാന്‍ 2016 സെപ്റ്റംബറില്‍ സര്‍വകക്ഷി യോഗം വിളിച്ചിരിന്നെങ്കിലും അത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണത്തില്‍ ഒതുങ്ങുകയായിരുന്നു, കൂടിയാലോചനകള്‍ നടന്നിരുന്നില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് ശേഷമാണ് അന്ന് യോഗം വിളിച്ചത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്.