ഏറ്റവും വലിയ ദാനശീലരുടെ റിപ്പോര്‍ട്ട് പുറത്ത്; പട്ടികയിലെ ഏക മലയാളി എം.എ. യൂസഫലി

single-img
10 February 2019

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി മലയാളി വ്യവസായികളില്‍ ഒന്നാം സ്ഥാനത്ത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനവും യൂസഫലിക്കുണ്ട്. റിലയന്‍സ് എംഡി മുകേഷ് അംബാനിക്കാണ് ഒന്നാം സ്ഥാനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പട്ടിക തയ്യാറാക്കുന്ന ഹുറൂണ്‍സ് ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2018 ലാണ് ഈ വിവരം.

2017 ഒക്ടോബര്‍ ഒന്നിനും 2018 സെപ്റ്റംബര്‍ 30നും ഇടയില്‍ പത്ത് കോടിയോ അതില്‍ കൂടുതലോ ദാനം ചെയ്തവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വിദ്യാഭ്യാസ മേഖലക്ക് വേണ്ടി 437 കോടി രൂപയാണ് മുകേഷ് അംബാനി സംഭാവന നല്‍കിയത്. ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 70 കോടി രൂപയാണ് എം.എ. യൂസുഫലിയുടെ സംഭാവന.

പട്ടികയില്‍ രണ്ട്, മൂന്ന് സ്ഥാനത്തുള്ള അജയ് പരിമള്‍ ആന്‍ഡ് ഫാമിലിയും അസീം പ്രേംജി ആന്‍ഡ് ഫാമിലിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഭാവന നല്‍കിയത്. യഥാക്രമം 200 കോടി, 113 കോടി രൂപയാണ് ഇവര്‍ ദാനം ചെയ്തത്. ആദി ഗോദ്രജ് ആന്‍ഡ് ഫാമിലി, ശിവ് നാഡര്‍, സാവ്ജി ദോലാകിയ , ഷാപൂര്‍ പല്ലോന്‍ജി മിസ്ട്രി , സൈറസ് പല്ലോന്‍ജി മിസ് ട്രി, ഗൗതം അദാനി എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റുള്ളവര്‍.

കേരളത്തിലെ മഹാ പ്രളയത്തിലെ ഇരകള്‍ക്ക് സഹായമെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ ഉള്‍പ്പെടെയുള്ള സംഭാവനകള്‍ നല്‍കിയ എം.എ. യൂസുഫലി പട്ടികയില്‍ അഞ്ചാം റാങ്ക് നേടിയതായി ഹുറൂണ്‍ റിപ്പോര്‍ട്ട് ഇന്ത്യ മാനേജിങ് ഡയറക് ടറും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു.