‘വീട്ടുജോലി നല്‍കാമെന്ന് പറഞ്ഞ് ആദ്യം യു.എ.ഇയിലെത്തിക്കും; പിന്നീട് ഒമാനിലെ ഏജന്റിന് വില്‍ക്കും; തുടര്‍ന്ന് ലൈംഗിക പീഡനം’; ചതിയില്‍പ്പെട്ട മലയാളി യുവതിയുടെ വെളിപ്പെടുത്തല്‍

single-img
10 February 2019

യു.എ.ഇ വഴി ഒമാനിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. അജ്മാനിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവിലാണ് മനുഷ്യക്കടത്ത് നടക്കുന്നതെന്ന് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി വെളിപ്പെടുത്തി.

നിരവധി സ്ത്രീകള്‍ ചതിയില്‍പെട്ടതായും മുക്കം സ്വദേശിനി വെളിപ്പെടുത്തി. ദുബായില്‍ വീട്ടുജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് മുക്കം സ്വദേശിയായ യുവതിയെ, കോഴിക്കോടുള്ള ഏജന്റ് യു.എ.ഇയിലേക്ക് അയച്ചത്. എന്നാല്‍ എത്തിച്ചതാവട്ടെ അജ്മാനിലായിരുന്നു.

സുജയെന്ന് പരിചയപ്പെടുത്തിയ മലയാളി സ്ത്രീ അവരുടെ ഫ്‌ളാറ്റില്‍ ദിവസങ്ങളോളം പാര്‍പ്പിച്ച ശേഷം തന്നെ ഒമാനിലെ ഏജന്റിന് വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ചൂലൊടിച്ച് നടുവില്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവതി വ്യക്തമാക്കി.

സന്ദര്‍ശന വിസയിലാണ് യുവതികളെ യു.എ.ഇയില്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ പതിനഞ്ചോളം സ്ത്രീകളാണ് വിവിധയിടങ്ങളില്‍ തടവില്‍ ക്രൂരതയനുഭവിച്ച് കഴിയുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് ഇവരില്‍ പലര്‍ക്കും സ്വന്തം വീട്ടിലുള്ളവരോട് പോലും സംസാരിക്കാന്‍ സാധിച്ചതെന്നും യുവതി പറഞ്ഞു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെട്ടാണ് മുക്കം സ്വദേശിനിയായ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചത്.