യുഎഇ പുതിയ ചരിത്രമെഴുതി: കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം

single-img
10 February 2019

അബുദാബിയിലെ കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം. അബുദാബിയ ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയത്. ഇതിന്റെ ഭാഗമായി അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ക്കു പുറമേ ഹിന്ദി കൂടി ഉള്‍പ്പെടുത്തി കോടതിയിലെ അപേക്ഷാ ഫോമുകള്‍ പരിഷ്‌കരിച്ചു. നേരത്തെ അറബിക് ഭാഷയില്‍ മാത്രമായിരുന്നു സേവനം.

തൊഴില്‍ വ്യവഹാരങ്ങളില്‍ നിയമപരമായ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ഹിന്ദി ഉള്‍പ്പെടുത്താനുള്ള നിര്‍ണായക തീരുമാനമെടുത്തതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ നിയമഭദ്രത ഇത് ഉറപ്പു നല്‍കും.

ഹിന്ദി ഭാഷ മാത്രം വശമുള്ളവര്‍ക്ക് രാജ്യത്ത് നിലവിലെ നിയമനടപടികളെ കുറിച്ചും, അവകാശങ്ങള്‍ ചുമതലകള്‍ എന്നിവയെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഇത് സഹായമാവും എന്നാണ് കരുതുന്നത്. കൂടാതെ രജിസ്‌ട്രേഷന്‍ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് (ADJD) വെബ്‌സൈറ്റില്‍ ഹിന്ദിയിലും ലഭ്യമാകും.

യുഎഇ യുടെ ജനസംഖ്യയില്‍ വലിയൊരു ശതമാനം വിദേശീയരാണ്. യുഎഇയുടെ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏകദേശം 2.6 മില്യണ്‍ പ്രവാസി ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. കോടതി നടപടികള്‍ക്ക് വിദേശ ഭാഷകളായ ഇംഗ്ലിഷ്, ഹിന്ദി എന്നിവ അംഗീകരിക്കുന്ന മേഖലയിലെ ആദ്യ രാജ്യമാണ് യുഎഇ.

തൊഴിലാളികളുടെ കേന്ദ്രമായി അബുദാബിയെ മാറ്റുന്നതിനൊപ്പം വിദേശനിക്ഷേപം ആകര്‍ഷിക്കാനും പുതിയ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു.