അവസാന പന്തുവരെ ആവേശം നിറച്ച മത്സരത്തില്‍ ഇന്ത്യ പൊരുതി തോറ്റു; ന്യൂസിലന്‍ഡിന് പരമ്പര

single-img
10 February 2019

ഇന്ത്യക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഹാമില്‍ട്ടണില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഇന്ത്യയെ നാല് റണ്‍സിനാണ് ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി ബാറ്റിങ് ആറിന് 208 എന്ന നിലയില്‍ അവസാനിച്ചു.

43 റണ്‍സ് നേടിയ വിജയ് ശങ്കറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 16 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ക്രീസിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തിക് ക്രുനാല്‍ പാണ്ഡ്യ സഖ്യത്തിന് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ, ഏകദിന പരമ്പര നേടിയ ഇന്ത്യയോട് മധുരപ്രതികാരം ചെയ്ത് കിവീസിന് പരമ്പരയും സ്വന്തമായി.

വിജയ് ശങ്കറിന് പുറമെ ശിഖര്‍ ധവാന്‍ (5), രോഹിത് ശര്‍മ (32 പന്തില്‍ 38), ഋഷഭ് പന്ത് (12 പന്തില്‍ 28), ഹാര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 21), എം.എസ് ധോണി (4 പന്തില്‍ 2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്‌നര്‍ മൂന്ന് ഓവറില്‍ 32 റണ്‍ വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. ഡാരില്‍ മിച്ചലിനും രണ്ട് വിക്കറ്റുണ്ട്.

നേരത്തെ, ഇന്ത്യന്‍ ബോളര്‍മാരും ഫീല്‍ഡര്‍മാരും ‘കൈവിട്ടു സഹായിച്ച’തോടെയാണ് ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തത്. തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

മണ്‍റോ 40 പന്തില്‍ അഞ്ചു വീതം ബൗണ്ടറിയും സിക്‌സും സഹിതം 72 റണ്‍സെടുത്തു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മികച്ചുനിന്നത്. അതേസമയം, ക്യാച്ചുകള്‍ യഥേഷ്ടം കൈവിട്ട് സഹായിച്ച ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ ‘ഉറപ്പാക്കി’.

ഓപ്പണിങ് വിക്കറ്റില്‍ കോളിന്‍ മണ്‍റോ–ടിം സീഫര്‍ട്ട് സഖ്യവും രണ്ടാം വിക്കറ്റില്‍ കോളിന്‍ മണ്‍റോ കെയ്ന്‍ വില്യംസന്‍ സഖ്യവും കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. മണ്‍റോ–സീഫര്‍ട്ട് സഖ്യം 80 റണ്‍സും മണ്‍റോ–വില്യംസന്‍ സഖ്യം 55 റണ്‍സുമാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ന്യൂസീലന്‍ഡ് നിരയില്‍ ബാറ്റെടുത്തവരെല്ലാം മികച്ച സംഭാവന നല്‍കിയാണ് മടങ്ങിയത്.

ടിം സീഫര്‍ട്ട് (25 പന്തില്‍ 43), കെയ്ന്‍ വില്യംസന്‍ (21 പന്തില്‍ 27), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (16 പന്തില്‍ 30), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ പുറത്താകാതെ 19), റോസ് ടെയ്‌ലര്‍ (ഏഴു പന്തില്‍ പുറത്താകാതെ 14) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ പ്രകടനം. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് ഒഴികെയുള്ള ബോളര്‍മാരെല്ലാം കനത്ത പ്രഹരമേറ്റുവാങ്ങി.

കുല്‍ദീപ് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. കഴിഞ്ഞ മല്‍സരത്തില്‍ മാന്‍ ഓഫ് ദ് മാച്ചായ ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി. ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 47 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 44 റണ്‍സും വഴങ്ങി. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.