ചരിത്രനേട്ടവുമായി സ്മൃതി മന്ദാന; അവസാന നിമിഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; തോറ്റത് 23 റണ്‍സിന്

single-img
6 February 2019

ഇന്ത്യ ന്യൂസീലന്‍ഡ് വനിതാ ട്വന്റി–20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് 23 റണ്‍സിന് തോറ്റു. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 136 റണ്‍സിന് പുറത്തായി. 2 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലീ തഹുഹുവാണ് ഇന്ത്യന്‍ നിരയില്‍ നാശം വിതച്ചത്. 58 റണ്‍സെടുത്ത സ്മൃതി മന്ദാനയ്ക്കും 39 റണ്‍സെടുത്ത ജെമീമ റോഡ്രിഗസിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു.

11ാം ഓവറിന്റെ മൂന്നാം പന്തില്‍ സ്മൃതി പുറത്തായതോടെയാണ് കീവീസ് മത്സരത്തില്‍ പിടിമുറുക്കിയത്. വിജയത്തിലേക്ക് അപ്പോള്‍ 52 പന്തില്‍ 58 റണ്‍സ് മാത്രം മതിയായിരുന്നു. പിന്നാലെ 33 പന്തില്‍ 39 റണ്‍സുമായി ജമീമ റോഡ്രിഗസും പുറത്തായി. 34 റണ്‍സിനിടെ ഒമ്പതു വിക്കറ്റുകളാണ് ഇന്ത്യ തുലച്ചത്.

എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. 17 റണ്‍സുമായി പൊരുതി നോക്കിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ അമേലിയ പുറത്താക്കിയതോടെ ബാക്കിയെല്ലാം ഇന്ത്യയ്ക്ക് ചടങ്ങുതീര്‍ക്കല്‍ മാത്രമായി. ഇതോടെ പരമ്പരയില്‍ ന്യൂസീലന്‍ഡ് മുന്നിലെത്തി.
ഓപ്പണര്‍ സോഫി ഡിവൈന്‍ (62), ആമി സാറ്റര്‍ത്വയ്റ്റ് (33), കാത്തി മാര്‍ട്ടിന്‍ (27) എന്നിവരുടെ മികവിലാണ് ന്യൂസീലന്‍ഡ് 159 റണ്‍സെടുത്തത്.