തൊട്ടതെല്ലാം പിഴച്ചു; ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്കു കൂറ്റന്‍ തോല്‍വി

single-img
6 February 2019

ന്യൂസിലന്റിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി. 80 റണ്‍സിനാണ് ന്യൂസിലന്റിന്റെ ജയം. 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി. 39 റണ്‍സെടുത്ത എം.എസ് ധോണിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെര്‍ഗൂസണും സാന്റ്‌നറും സോധിയും രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം ട്വന്റി20 വെള്ളിയാഴ്ച്ച ഓക്ക്‌ലന്‍ഡില്‍ നടക്കും. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയില്‍ കിവീസ് 1-0ത്തിന് മുന്നിലെത്തി.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 220 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കുന്ന ആത്മവിശ്വാസം പോലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പ്രകടിപ്പിച്ചില്ല. പതിനൊന്ന് ഓവര്‍ എണ്ണിത്തീരുമ്പോഴേക്കും 6ന് 77 എന്ന നിലയിലെത്തി ഇന്ത്യ. രോഹിത് ശര്‍മ്മ(1), ധവാന്‍(29), വിജയ് ശങ്കര്‍(27), ഋഷഭ് പന്ത്(4), കാര്‍ത്തിക്(5), ഹാര്‍ദിക് പാണ്ഡ്യ(4) എന്നിങ്ങനെ മുന്‍നിരയും മധ്യനിരയും തകര്‍ന്നടിഞ്ഞു. ചെറിയ മൈതാനവും ചേസിംങിലെ വിജയശതമാനവുമൊന്നും ഇന്ത്യയുടെ തുണക്കെത്തിയില്ല.

പതിവുപോലെ ധോണി വിക്കറ്റ് കാത്തെങ്കിലും വിജയലക്ഷ്യം കയ്യെത്താ ദൂരത്തായിരുന്നു. ഏഴാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും(20) ധോണിയും കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമം നടത്തി. ഒടുവില്‍ സൗത്തി പാണ്ഡ്യയെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. 18ആം ഓവറിലെ അവസാന പന്തില്‍ ധോണിയും(39) മടങ്ങിയതോടെ ഇന്ത്യതോല്‍വി സമ്മതിച്ചു. അവസാനക്കാരന്‍ ചഹാലിന്റെ(1) കുറ്റി തെറിപ്പിച്ച് മിച്ചല്‍ കിവീസ് വിജയം ആഘോഷമാക്കി. ന്യൂസീലന്‍ഡിനായി ടിം സൗത്തി മൂന്നും ലോക്കി ഫെര്‍ഗൂസന്‍, ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ്, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. സിക്‌സുകളും ബൗണ്ടറികളും കൊണ്ട് വെല്ലിങ്ടന്‍ വെസ്റ്റ്പാക് സ്റ്റേഡിയം നിറച്ച ടിം സീഫര്‍ട്ടാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ ഏഴു ബൗണ്ടറിയും ആറു പടുകൂറ്റന്‍ സിക്‌സും സഹിതം 84 റണ്‍സെടുത്താണ് സീഫര്‍ട്ട് പുറത്തായത്. ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡ് താരം ട്വന്റി20യില്‍ നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ് സീഫര്‍ട്ടിന്റെ 84. കോളിന്‍ മണ്‍റോ (പുറത്താകാതെ 109), ബ്രണ്ടന്‍ മക്കല്ലം (91) എന്നിവരാണ് സീഫര്‍ട്ടിനു മുന്നിലുള്ളത്.

കോളിന്‍ മണ്‍റോ (20 പന്തില്‍ 34), കെയ്ന്‍ വില്യംസന്‍ (22 പന്തില്‍ 34), റോസ് ടെയ്‌ലര്‍ (14 പന്തില്‍ 23) സ്‌കോട്ട് കുഗ്ഗെലെയ്ന്‍ (ഏഴു പന്തില്‍ പുറത്താകാതെ 20) എന്നിവര്‍ ന്യൂസീലന്‍ഡ് നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. നിരാശപ്പെടുത്തിയത് അരങ്ങേറ്റ മല്‍സരം കളിച്ച ഡാരില്‍ മിച്ചല്‍ (ആറു പന്തില്‍ എട്ട്), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (മൂന്ന്) എന്നിവര്‍ മാത്രം. മിച്ചല്‍ സാന്റ്‌നര്‍ അവസാന പന്തിലെ ബൗണ്ടറി ഉള്‍പ്പെടെ ഏഴു റണ്‍സുമായി പുറത്താകാതെ നിന്നു.