പന്ത് കഴുത്തില്‍കൊണ്ട് കരുണരത്‌നെ നിലംപതിച്ചു; പരിഭ്രാന്തരായി സഹതാരങ്ങള്‍

single-img
3 February 2019

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പേസ് ബോളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ പതിച്ച് ശ്രീലങ്കന്‍ താരം ദിമുത് കരുണരത്‌നെ നിലംപതിച്ചത് ആശങ്ക പരത്തി. മല്‍സരത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ചയാണ് സംഭവം. കമ്മിന്‍സിന്റെ വേഗതയേറിയ ബൗണ്‍സര്‍ നേരെ വന്നുകൊണ്ടത് കരുണരത്‌നയുടെ കഴുത്തിന് പിന്നിലായിരുന്നു.

കുത്തിപ്പൊന്തിയ പന്ത് പ്രതിരോധിക്കാനായി കുനിഞ്ഞപ്പോഴായിരുന്നു ഇത്. വേദന സഹിക്കാനാകാതെ ലങ്കന്‍ ഓപ്പണര്‍ ഗ്രൗണ്ടില്‍ വീണു. ഇതോടെ എല്ലാവരും പരിഭ്രാന്തരായി. ഉടനെത്തന്നെ ലങ്കയുടേയും ഓസീസിന്റേയും വൈദ്യസംഘം ഗ്രൗണ്ടിലെത്തി പ്രഥമശുശ്രൂഷ നല്‍കി.

തുടര്‍ന്ന് എമര്‍ജന്‍സി വണ്ടിയില്‍ സ്‌ട്രെച്ചറില്‍ കിടത്തി താരത്തെ പുറത്തുകൊണ്ടുപോകുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും കരുണരത്‌ന സംസാരിക്കുന്നുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി. ഗ്രൗണ്ട് വിടുമ്പോള്‍ മികച്ച ഫോമില്‍ ബാറ്റു ചെയ്യുകയായിരുന്നു ലങ്കന്‍ താരം.

84 പന്തില്‍ 46 റണ്‍സടിച്ച കരുണരത്‌ന അഞ്ച് ബൗണ്ടറിയും നേടി. ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരുക്കേല്‍ക്കുന്ന അഞ്ചാമത്തെ ശ്രീലങ്കന്‍ താരമാണ് കരുണരത്‌നെ. മുന്‍പ് നാലു പേസ് ബോളര്‍മാരെയും പരുക്ക് പിടികൂടിയിരുന്നു.

https://twitter.com/Parshva7939/status/1091581751904722945