സ്‌കൂളിലും കോളേജിലുമെല്ലാം ഉയരത്തിൻ്റെ പേരിലും കഴിവില്ലായ്മയുടെ പേരിലും പലപ്പോഴും അവഗണിക്കപ്പെട്ടു; മുന്നോട്ടു നയിച്ചത് വാശി: ഹനാൻ

single-img
3 February 2019

തൻ്റെ ജീവിതത്തെയും എന്നും മുന്നോട്ടുനയിച്ചത് വാശിയാണെന്നു വ്യക്തമാക്കി ഹനാന്‍ ഹമീദ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഒറ്റയ്ക്കു തുഴയുന്ന ജീവിതങ്ങള്‍ക്ക് സമൂഹം കൂട്ടിനെത്തുമ്പോള്‍ എന്ന ചര്‍ച്ചയിലാണ് ഹനാൻ അനുഭവം പങ്കുവെച്ചത്. ചെറിയ ജീവിതത്തില്‍ പലപ്പോഴായി ഒറ്റപ്പെടലിന്റെ ഭീകരഘട്ടങ്ങള്‍ അനുഭവിക്കേണ്ടി വന്ന പെണ്‍കുട്ടിയെന്ന നിലയിലാണ് ഹനാനെ   ചർച്ചയിലേക്ക് ക്ഷണിച്ചത്.

ഉമ്മയും അനിയനും ഉണ്ടെങ്കിലും കുട്ടിക്കാലം മുതല്‍ ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ ഭീകരത അനുഭവിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. സ്‌കൂളിലും കോളേജിലുമെല്ലാം ഉയരത്തിന്റെ പേരിലും കഴിവില്ലായ്മയുടെ പേരിലും പലപ്പോഴായി അവഗണിക്കപ്പെടുമ്പോഴും വാശിയാണ് മുന്നോട്ടു നയിച്ച ഘടകമെന്നു ഹനാൻ പറഞ്ഞു.

മത്സ്യം വിറ്റു നടന്നു തുടങ്ങിയത് വാര്‍ത്തയായപ്പോഴും പിന്നീടുള്ള വിവാദങ്ങളിലും ആരോഗ്യപ്രശ്‌നങ്ങളിലുമെല്ലാം പതറാതെ മുന്നോട്ടു നയിക്കുന്നത് ജീവിതത്തോടുള്ള ആവേശവും വാശിയും തന്നെയാണെന്നും ഹനാൻ വ്യക്തമാക്കി. ചര്‍ച്ചയില്‍ എഴുത്തുകാരായ അനിതാ നായര്‍, രാധാലക്ഷ്മി പദ്മരാജന്‍, ഹരി കിഷോര്‍ ഐ എ എസ്, എന്നിവര്‍ക്കൊപ്പമാണ്‌ ഹനാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.