ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം 8 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ ബിജെപി ഒരുങ്ങുന്നു

single-img
29 January 2019

ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം 8 നിയമസഭകളിലേക്ക് കൂടെ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപി ഒരുങ്ങുന്നതായി സൂചന. ഇതിനു വേണ്ടി മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന നിയമസഭകൾ കാലാവധി അവസാനിക്കുന്നതിനു മുന്നേ പിരിച്ചുവിടാനാണ് ബിജെപി ഒരുങ്ങുന്നത്. ഈ സംസ്ഥാനങ്ങളിൽ ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ-മെയ് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി ആലോചിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മെയ്-ജൂൺ മാസങ്ങളിൽ ആന്ധ്ര പ്രദേശ്, അരുണാചൽപ്രദേശ്, ഒഡീഷ, സിക്കിം നിയമസഭകളുടെ കാലാവധി പൂർത്തിയാകും. ഇതുകൂടാതെ നിലവിൽ നിയമസഭ നിലവിലില്ലാത്ത ജമ്മു കാശ്മീരിലും ഇലക്ഷൻ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

മഹാരാഷ്ട്ര ഹരിയാന നിയമസഭകളുടെ കാലാവധി നവംബറിലാണ് പൂർത്തിയാകുന്നത്. ജാർഖണ്ഡിൽ അടുത്തവർഷം ജനുവരിയിൽ കാലാവധി പൂർത്തിയാകും. കാലാവധി പൂർത്തിയാക്കുന്നതിനു ആറുമാസം മാത്രം ശേഷിക്കുകയും മാത്രമേ ഇലക്ഷൻ കമ്മീഷന് തിരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കൂ. അതിനാൽ തെരഞ്ഞെടുപ്പുകൾ നടത്തണം എങ്കിൽ 3 നിയമസഭകളും നേരത്തെ പിരിച്ചുവിടണം. ഇതിനാണ് ബിജെപി ഒരുക്കുന്നത്.

നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് ഒരിന്ത്യ ഒരൊറ്റ തെരഞ്ഞെടുപ്പ് എന്നത്. എന്നാൽ ഇത് പ്രായോഗികമല്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇന്ത്യമുഴുവൻ ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പ് നടന്നാൽ സുരക്ഷ ഉദ്യോഗസ്ഥർ പോലും നമ്മുടെ നാട്ടിൽ ഇല്ല എന്നാണു ഇതിനെ എതിർക്കുന്നവരുടെ പ്രധാന വാദം. ഇത് വ്യാപകമായ അക്രമസംഭവങ്ങൾക്കും ബൂത്തു പിടിത്തത്തിനും ഇടയാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതേസമയം മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് വിലയിരുത്തലിൽ കോൺഗ്രസ് ഇലക്ഷൻ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്ര ലോകസഭ നിയമസഭ തിരഞ്ഞെടുപ്പും വേണമെന്നാണ് പിണക്കത്തിലും ശിവസേനയും ആവശ്യപ്പെടുന്നത്.