മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം; ന്യുസിലാന്‍ഡിലും ഇന്ത്യക്ക് പരമ്പര; ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നാട്ടിലേക്കു മടങ്ങും

single-img
28 January 2019

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഈ മത്സരവും ജയിച്ചതോടെ അഞ്ചു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഇന്നിംഗ്‌സാണ് ഇന്ത്യക്ക് നിര്‍ണായകമായത്. റായിഡുവും കാര്‍ത്തിക്കും അനായാസം മത്സരം ഫിനിഷ് ചെയ്തു.

ആദ്യ മൂന്നു മല്‍സരങ്ങള്‍കൊണ്ടു തന്നെ പരമ്പര ഉറപ്പാക്കാനായ ചാരിതാര്‍ഥ്യത്തോടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നാട്ടിലേക്കു മടങ്ങും. പരമ്പരയിലെ അവസാന രണ്ടു മല്‍സരങ്ങളില്‍നിന്ന് സിലക്ടര്‍മാര്‍ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. അതിനു ശേഷമുള്ള ട്വന്റി20 പരമ്പരയിലും കോഹ്‌ലിയുണ്ടാകില്ല. രോഹിത് ശര്‍മയാണ് പകരം ഇന്ത്യയെ നയിക്കുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ ന്യൂസീലന്‍ഡിലും പരമ്പര സ്വന്തമാക്കാനായത്, ഏകദിന ലോകകപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ഇന്ത്യയ്ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. രണ്ടാം ഏകദിനം നടന്ന അതേ വേദിയില്‍ ഒരിക്കല്‍ക്കൂടി ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ടോസ് നേടിയത് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍.

അവര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു ഓവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് ന്യൂസീലന്‍ഡ് ഓള്‍ഔട്ട്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതം പിഴുത ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ ആതിഥേയരെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

21ാം ഏകദിന സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെ പുറത്തായ റോസ് ടെയ്ലറാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ആദ്യ രണ്ടു മല്‍സരങ്ങളിലും സ്പിന്നര്‍മാര്‍ ഏഴു വിക്കറ്റ് വീതം പിഴുതപ്പോള്‍, ഇക്കുറി പേസ് ബോളര്‍മാര്‍ ചേര്‍ന്ന് എട്ടു വിക്കറ്റ് പോക്കറ്റിലാക്കി. 2010നു ശേഷം ഇതാദ്യമായാണ് ന്യൂസീലന്‍ഡ് സ്വന്തം നാട്ടില്‍ ഒരു പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ ഓള്‍ഔട്ടാകുന്നത്.

59 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി പതിവുപോലെ കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ ന്യൂസീലന്‍ഡിന് നാലാം വിക്കറ്റില്‍ റോസ് ടെയ്ലര്‍ ടോം ലാഥം കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് നേടിയത്. ടെയ്‌ലര്‍ 106 പന്തില്‍ ഒന്‍പതു ബൗണ്ടറി സഹിതം 93 റണ്‍സോടെയും ലാഥം 64 പന്തില്‍ ഒന്നു വീതം സിക്‌സും ബൗണ്ടറിയും സഹിതം 51 റണ്‍സെടുത്തും പുറത്തായി.

നാലു മാസത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യ 10 ഓവറില്‍ 45 റണ്‍സ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്. ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കാന്‍ പാണ്ഡ്യ എടുത്ത ഡൈവിങ് ക്യാച്ചും ശ്രദ്ധേയമായി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (15 പന്തില്‍ 13), കോളിന്‍ മണ്‍റോ (ഒന്‍പതു പന്തില്‍ ഏഴ്), കെയ്ന്‍ വില്യംസണ്‍ (48 പന്തില്‍ 28), ഹെന്റി നിക്കോള്‍സ് (എട്ടു പന്തില്‍ ആറ്), മിച്ചല്‍ സാന്റ്‌നര്‍ (ഒന്‍പതു പന്തില്‍ മൂന്ന്), (ഡഗ് ബ്രേസ്വെല്‍ (15), ഇഷ് സോധി (12), ട്രെന്റ് ബൗള്‍ട്ട് (രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ലോക്കി ഫെര്‍ഗൂസണ്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ ധവാനെ(28) ഇന്ത്യക്ക് നഷ്ടമായിരുന്നു. ഒമ്പതാം ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ടെയ്ലര്‍ പിടിച്ചാണ് ധവാന്‍ പുറത്തായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രോഹിത്- കോലി സഖ്യം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ ജീവന്‍ വീണ്ടെടുത്തു. രോഹിതിനെ 29-ാം ഓവറില്‍ 62ല്‍ നില്‍ക്കേ സാന്റ്‌നര്‍ ലഥാമിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ കോലിയെ(60), 32ാം ഓവറില്‍ ബോള്‍ട്ട് പുറത്താക്കി. ഇതോടെ ഇന്ത്യ മൂന്നിന് 168.

അനായാസമെന്ന് തോന്നുന്ന വിജയത്തിലേക്ക് കാര്യമായ സാഹസികത കാട്ടേണ്ട ആവശ്യം ക്രീസിലൊന്നിച്ച അമ്പാട്ടി റായുഡുവും ദിനേശ് കാര്‍ത്തിക്കിനും ഉണ്ടായിരുന്നില്ല. കാര്‍ത്തിക് 38 റണ്‍സുമായും റായുഡു 40 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ 42 പന്തുകള്‍ ബാക്കിനില്‍ക്കേ നീലപ്പട ജയത്തിലെത്തി. കിവികള്‍ക്കായി ബോള്‍ട്ട് രണ്ടും സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി.