പ്രവാചകനെ അപമാനിച്ച മലയാളി യുവാവിന് ശിക്ഷ ഇരട്ടിയാക്കി സൗദി കോടതി; പ്രതി മുസ്ലിമായിരുന്നെങ്കില്‍ വധശിക്ഷയില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ടെന്നും കോടതി

single-img
24 January 2019

സൗദിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന് അപ്പീല്‍ കോടതി ശിക്ഷ ഇരട്ടിയാക്കി. പ്രവാചകനെതിരെയും സൗദി നിയമ വ്യവസ്ഥയ്ക്കെതിരെയും മോശം പരാമര്‍ശം നടത്തിയ സംഭവത്തിലാണ് കോടതിയുടെ നടപടി. പുതുക്കിയ വിധിയില്‍ 10 വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദിക്കെതിരെയും പ്രവാചകനെതിരെയുമായിരുന്നു പരാമര്‍ശം. ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്നത്.

വിഷ്ണു ദേവിന് നേരത്തെ അഞ്ച് വര്‍ഷം ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ഇത് പത്തുവര്‍ഷമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. സൗദിയില്‍ എഞ്ചിനീയറായിരുന്ന വിഷ്ണു ദേവ് യൂറോപ്യന്‍ പൗരയായ ഒരു വനിതയുമായി സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിലേക്ക് നയിച്ചത്. പ്രവാചകനെയും ഇസ്ലാമിനെയും സൗദിയിലെ നിയമ സംവിധാനങ്ങള്‍ക്കെതിരെയും ഇയാള്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കഴിഞ്ഞ വര്‍ഷം ദമ്മാം ക്രിമിനല്‍ കോടതി കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചത്. നിലവില്‍ ഒരു വര്‍ഷത്തോളമായി വിഷ്ണു ദേവ് ജയിലില്‍ കഴിയുകയാണ്. വിഷ്ണു ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അതിന്റെ ഗൌരവം കുറക്കുന്നതാണ് ആദ്യ വിധിയെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ കോടതി ശിക്ഷ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്തു വരുന്നതിനിടെയാണ് വിഷണു പിടിയിലായത്. ആദ്യ ശിക്ഷാ വിധിക്ക് ശേഷം നാട്ടില്‍ നിന്നും ബന്ധുക്കള്‍ എംബസി മുഖേന ശിക്ഷയിളവിന് വേണ്ടി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പുതിയ വിധി കൂടി വരുന്നത്.

വിധിയില്‍ ശിക്ഷ കുറഞ്ഞുപോയെന്നും പുനഃപരിശോധിക്കണമെന്നും അപ്പീല്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്മാം ക്രിമിനല്‍ കോടതിയുടെ മൂന്നംഗ ബെഞ്ച് പുതിയ വിധി പുറപ്പെടുവിച്ചത്. 10 വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. വിഷ്ണു ദേവ് മുസ്ലിമായിരുന്നെങ്കില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും വിധിക്കുമായിരുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് തലവന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മുസ്ലിം അല്ലാത്തത് കൊണ്ട് ശിക്ഷയില്‍ ചെറിയ ഇളവ് നല്‍കുകയാണെന്നും പത്ത് വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.